കരിമ്പം സംസ്ഥാന പാതയോരത്ത് മാലിന്യം തള്ളിയത് ദുരിതമായി
തളിപ്പറമ്പ്∙ സംസ്ഥാന പാതയോരത്ത് വൻതോതിൽ മരങ്ങളുടെയും കെട്ടിട നിർമാണത്തിന്റെയും അവശിഷ്ടങ്ങൾ തള്ളിയത് ദുരിതമായി. തളിപ്പറമ്പ് ശ്രീകണ്ഠപുരം സംസ്ഥാന പാതയിൽ കരിമ്പം ജില്ലാ കൃഷി തോട്ടത്തിന് സമീപത്താണ് തിരക്കേറിയ സംസ്ഥാന പാതയോട് ചേർന്ന് കെട്ടിടം പൊളിച്ചതിന്റെ ലോഡ് കണക്കിന് അവശിഷ്ടങ്ങളും മരം മുറിച്ചതിന്റെ ഭാഗങ്ങളും തള്ളിയത്. മരങ്ങളുടെ അവശിഷ്ടങ്ങൾ റോഡരികിൽ തള്ളിയത് അപകട ഭീഷണിയും ഉയർത്തുന്നുണ്ട്. വിവരമറിഞ്ഞ് കുറുമാത്തൂർ പഞ്ചായത്ത് അധികൃതർ നടത്തിയ അന്വേഷണത്തിൽ താലൂക്ക് ആശുപത്രി കോംപൗണ്ടിൽ നടക്കുന്ന നിർമാണ പ്രവൃത്തിയുടെ അവശിഷ്ടങ്ങളാണ് ഇത്തരത്തിൽ ടിപ്പർ ലോറികളിൽ കൊണ്ട് വന്ന് തള്ളിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടപ്പോൾ താൻ മാത്രമല്ല മാലിന്യം തള്ളിയതെന്നും മരാമത്ത് വകുപ്പ് അധികൃതരും മാലിന്യം തള്ളിയിട്ടുണ്ടെന്നാണത്രെ ഇയാൾ പറഞ്ഞത്. അടുത്ത ദിവസം തന്നെ ഇവ നീക്കം ചെയ്യാൻ നിർദേശം നൽകിയതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവൻ പാച്ചേനി പറഞ്ഞു. മരാമത്ത് വകുപ്പ് അധികൃതരെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.