തെരഞ്ഞെടുപ്പ് സാമഗ്രികളെന്ന് പറഞ്ഞ് ചാക്ക് കെട്ട് മുകളിലേക്ക് കൊണ്ടുപോയി, പിന്നീട് പണമാണെന്ന് മനസ്സിലായി;സതീശ്
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും പ്രതികരണവുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ്. കേസിൽ സത്യസന്ധമായ അന്വേഷണമാണെങ്കിൽ വെളിപ്പെടുത്തുമെന്ന് തിരൂർ സതീശ് പറഞ്ഞു. മാധ്യങ്ങളോട് പറയുന്ന കാര്യങ്ങൾ എല്ലാം അന്വേഷണ സംഘത്തോട് പറയും. കേന്ദ്ര- സംസ്ഥാനങ്ങൾ നടത്തുന്ന എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുമെന്നും തിരൂർ സതീശ് മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ നൽകിയ മൊഴി ജില്ലാ അധ്യക്ഷൻ ജനറൽ സെക്രട്ടറി തുടങ്ങിയവർ പറഞ്ഞു പഠിപ്പിച്ചതനുസരിച്ചായിരുന്നു. തെരഞ്ഞെടുപ്പിൽ വന്ന സാമഗ്രികൾ ആണെന്ന് പറയാൻ പറഞ്ഞു. അത് അവിടെ പറഞ്ഞു. തൃശ്ശൂർ ബിജെപി ഓഫീസിൽ നിക്ഷേപിച്ച പൈസ പിന്നെ അവിടുന്ന് എടുത്തുകൊണ്ടു പോയിട്ടില്ല. കൊടകരയിൽ കൊണ്ടുപോയത് വേറെ പണമായിരുന്നു. തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്ന് പറഞ്ഞാണ് ചാക്ക് കെട്ട് മുകളിലേക്ക് കൊണ്ടുപോയത്. പിന്നീടാണിത് പണമാണെന്ന് തിരിച്ചറിഞ്ഞത്. ചാക്ക് കെട്ട് ശ്രദ്ധിക്കണമെന്ന് ജില്ലാ അധ്യക്ഷനും ട്രഷററും പറഞ്ഞു. അതോടെയാണ് ഇത് പണം ആണെന്ന് മനസ്സിലായതെന്നും തിരൂർ സതീശ് പറഞ്ഞു.