ദിവ്യയെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു ; വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കണം
തലശ്ശേരി: എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മൂന്‍ അദ്ധ്യക്ഷ പി.പി. ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു. ദിവ്യയ്ക്കായി പോലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി അനുവദിച്ചു. ഇന്ന് വൈകിട്ട് അഞ്ചു വരെയാണ് ദിവ്യയെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പോലീസ് ആവശ്യപ്പെട്ടത് രണ്ടു ദിവസത്തേക്കുള്ള കസ്റ്റഡിയാണെങ്കിലും കോടതി അനുവദിച്ചത് ഒരു ദിവസത്തെ കസ്റ്റഡിയാണ്.
വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. എന്നാല്‍ ആദ്യ ദിവസം അറസ്റ്റിലായപ്പോള്‍ തന്നെ ചോദ്യം ചെയ്തതിനാല്‍ ഇനിയും കൂടുതല്‍ സമയം ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. പ്രതികരിക്കാന്‍ ദിവ്യ കൂട്ടാക്കിയില്ല. ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി കോടതി പരിഗണിച്ചേക്കും. നവീന്റെ കുടുംബം കേസില്‍ കക്ഷിചേരും. ഇതില്‍ കക്ഷികള്‍ക്കു നോട്ടീസ് അയച്ചശേഷമാകും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍.
ജാമ്യാപേക്ഷയില്‍ തലശേരി സെഷന്‍സ് കോടതിയില്‍ തീരുമാനമായ ശേഷം ആവശ്യമെങ്കിലേ ഹൈക്കോടതിയെ സമീപിക്കൂ എന്നാണ് ദിവ്യയുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. യാത്രയയപ്പ് യോഗത്തിനു ശേഷം, തെറ്റുപറ്റി പോയി എന്നു നവീന്‍ ബാബു പറഞ്ഞതായുള്ള ജില്ലാ കലക്ടറുടെ മൊഴി ദിവ്യയ്ക്ക് സഹായകരമാകുമെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.