കാസർഗോഡ്

നീലേശ്വരത്ത് തെയ്യംകെട്ട് മഹോത്സവത്തിനിടെ അപകടം; 154 പേർക്ക് പരിക്ക്, ‘പടക്കങ്ങൾ സൂക്ഷിച്ചത് അനുമതിയില്ലാതെ

കാസര്‍കോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 154 പേര്‍ക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു.

ഇതിൽ ഒരാളുടെ നില അതീവഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ സന്ദീപ് എന്നയാളെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ മറ്റു നാലുപേരെ കൂടി പരിയാരത്തേക്ക് മാറ്റിയിട്ടുണ്ട്. അഞ്ചൂറ്റമ്പലം വീരര്‍കാവ് കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.

കാഞ്ഞങ്ങാട് ആശുപത്രിയിൽ 16പേരും സഞ്ജീവനി ആശുപത്രിയിൽ 10പേരും ഐശാല്‍ ആശുപത്രിയിൽ 17 പേരും പരിയാരം മെഡിക്കല്‍ കോളേജിൽ അഞ്ച് പേരും കണ്ണൂര്‍ മിംസിൽ 18പേരും കോഴിക്കോട് മിംസിൽ രണ്ട് പേരും അരിമല ആശുപത്രിയിൽ മൂന്നുപേരും കെഎഎച്ച് ചെറുവത്തൂരിൽ രണ്ടു പേരും മണ്‍സൂര്‍ ആശുപത്രിയിൽ അഞ്ചുപേരും ദീപ ആശുപത്രിയിൽ ഒരാളും മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജിൽ 18പേരുമാണ് ചികിത്സയിലുള്ളത്.

കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മാല പടക്കം പൊട്ടിച്ചപ്പോള്‍ ഇതില്‍ നിന്നുള്ള തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് തെറിച്ച് വലിയ രീതിയിലുള്ള പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button