കോട്ടയം

പത്തടിച്ചാല്‍ മണിക്കൂറുകളോളം ചില്ലായി നില്‍ക്കാം, കഞ്ചാവോ, എം.ഡി.എം.എയോ പോലെ പിടിക്കുകയുമില്ല; ബി.പി.യുടെ മരുന്നും ലഹരിയാകുന്നു …! 250 കുപ്പിയുമായി ആലപ്പുഴക്കാരന്‍ പിടിയില്‍

കോട്ടയം: മണിക്കൂറുകളോളം ചില്ലായി നില്‍ക്കാം, കഞ്ചാവോ, എം.ഡി.എം.എയോ പോലെ പിടിക്കപ്പെടുകയുമില്ല, രക്തസമര്‍ദം കൂട്ടാനുള്ള മരുന്നില്‍ നോട്ടമിട്ട് യുവാക്കള്‍. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന ഈ മരുന്ന് ഉപയോഗം ജില്ലയിലും വ്യാപകമാണെന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം ഏറ്റുമാനൂരില്‍ നിന്ന് ആലപ്പുഴ സ്വദേശിയെ 250 കുപ്പി മരുന്നുമായി പിടികൂടിയ സംഭവം.

ഓണ്‍ലൈന്‍ വഴി വാങ്ങി ഇയാള്‍ വ്യാപകമായി വിറ്റിരുന്നതായാണ് സൂചന. 10 മില്ലിയ്ക്ക് 500 രൂപയ്ക്ക് ഇയാള്‍ വിറ്റിരുന്ന മരുന്ന് ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ഉന്മേഷവാനായി നില്‍ക്കാമത്രേ. വടംവലിക്കാര്‍, ശരീര സൗന്ദര്യ പ്രദര്‍ശനക്കാര്‍ മുതല്‍ കോളജ് വിദ്യാര്‍ഥികള്‍ വരെ ഈ മരുന്നിന്റെ അടിമകളാണെന്ന വിവരവും ലഭിക്കുന്നുണ്ട്. രാസലഹരിയും കഞ്ചാവും വില്‍ക്കുന്നതിനേക്കാള്‍ റിസ്‌ക് കുറവും ലാഭവുമാണ് അറസ്റ്റിലായ രാമങ്കരി സ്വദേശി സന്തോഷ് മോഹനനെ പുതിയ കച്ചവടത്തിലേയ്ക്ക് അടുപ്പിച്ചതെന്നാണ്‌പോലീസിന് ലഭിച്ച വിവരം. ശസ്ത്രക്രിയയ്ക്കിടെ രോഗികള്‍ക്ക് രക്തസമ്മര്‍ദം കുറഞ്ഞാല്‍ അതു കൂട്ടുന്നതിനുവേണ്ടി നല്‍കുന്ന മരുന്നാണ് ഇയാളില്‍ നിന്നു പിടികൂടിയത്.

മണിക്കൂറുകളോളം ആക്ടീവായി നില്‍ക്കുമെന്നതിനൊപ്പം പെട്ടെന്നു തൂക്കം കുറയുമെന്നതും മരുന്നിന്റെ പ്രത്യേകതയാണ്. വടംവലി, ശരീര സൗന്ദര്യ പ്രദര്‍ശനം എന്നിവയില്‍ ശരീര ഭാരം നിര്‍ണായകമാണെന്നത് ഇത്തരക്കാരെ ഈ മരുന്നിലേക്ക് ആകര്‍ഷിക്കുന്നു. എന്നാല്‍, മരുന്നിന്റെ അമിത ഉപയോഗം വൃക്കയുടെ നാശത്തിനു കാരണമാകുമെന്നു ആരോഗ്യവിദഗ്ധര്‍ പറയുന്നു.മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് ഡോക്ടറുടെ കുറുപ്പടിയോടെ മാത്രം ലഭിക്കുന്ന മരുന്ന് ലൈസന്‍സില്ലാതെ വില്‍ക്കുന്നത് ശിക്ഷാര്‍ഹവുമാണ്. എന്നാല്‍ ഓണ്‍ലൈനില്‍ മരുന്ന് കിട്ടാന്‍ ഇതൊന്നും വണ്ട. മരുന്നുമായി പിടിയിലായാല്‍ 3 മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെ തടവും പിഴയുമാണ് പരമാവധി ശിക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button