kannur
മനംനിറയെ മലയാളം; കണ്ണൂരിന്റെ മണ്ണിലൂടെ ‘ഹോർത്തൂസ്’ അക്ഷരപ്രയാണം
കണ്ണൂർ∙ മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ തുടങ്ങിയ അക്ഷരപ്രയാണം കണ്ണൂരിന്റെ ഹൃദയഭൂമിയിൽ ഭാഷാസ്നേഹത്തിന്റെ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർത്തു. നവംബർ 1 മുതൽ 3 വരെ കോഴിക്കോട് നടക്കുന്ന മലയാള മനോരമ ‘ഹോർത്തൂസ്’ കലാ സാംസ്കാരികോത്സവ വേദിയിലേക്കുള്ള അക്ഷരങ്ങൾ സ്വീകരിച്ചുകൊണ്ടുള്ള യാത്രയ്ക്ക് കണ്ണൂരിലെ നാലു വേദികളിലും ഉജ്വല സ്വീകരണം.
അക്ഷരപ്രയാണം മാഹി മഹാത്മാഗാന്ധി ഗവ.കോളജ് ക്യാംപസിൽ നോവലിസ്റ്റ് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്രണ്ണൻ കോളജ്, കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന ലൈബ്രറി കൗൺസിൽ പുസ്തകോത്സവ വേദിയിൽ സമാപിച്ചു. ഇന്ന് കാസർകോട് ജില്ലയിൽ പ്രവേശിക്കും.