പുസ്തകോത്സവം ഒക്ടോബര്‍ 25 മുതല്‍ 28 വരെ കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍
കണ്ണൂർ : ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പതിനെട്ടാമത് പുസ്തകോത്സവം ഒക്ടോബര്‍ 25 മുതല്‍ 28 വരെ കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ നടക്കുമെന്ന് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. കളക്ടറേറ്റ് മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ ഒക്ടോബർ 25 ന് വൈകുന്നേരം മൂന്നിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ.വി.ശിവദാസന്‍ എം.പി. അധ്യക്ഷത വഹിക്കും. കഥാകൃത്ത് ടി. പത്മനാഭന്‍ വിശിഷ്ടാതിഥിയാവും. മേയര്‍ മുസ്ലീഹ് മഠത്തില്‍, എം.എല്‍.എമാരായ കെ വി സുമേഷ്, കെ.പി. മോഹനന്‍, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.കെ. രത്‌നകുമാരി, പീപ്പിള്‍സ് മിഷന്‍ കണ്‍വീനര്‍ ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. തായാട്ട് ശങ്കരന്‍ ജന്മ ശതാബ്ദി അനുസ്മരണം ഡോ. കെ.പി.മോഹനന്‍ നടത്തും. കൂത്തുപറമ്പ് കാലാ നിലയത്തിന്റെ ‘മഞ്ജതര’ സ്വാഗതസംഗീത ശില്പം, തലശ്ശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അവതരിപ്പിക്കുന്ന നൃത്തവിരുന്ന് എന്നിവ അരങ്ങേറും.