*പത്താമുദയം പരീക്ഷ ഒക്ടോബർ 21 മുതൽ*
കണ്ണൂർ ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടപ്പാക്കുന്ന സമ്പൂർണ പത്താംതരം തുല്യതാ പരിപാടി പത്താമുദയം പരീക്ഷ ഒക്ടോബർ 21 മുതൽ ആരംഭിക്കും. ആദ്യ ബാച്ചിൽ 1629 പേർ പരീക്ഷ എഴുതും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൂന്ന് തടവുകാരും പത്താംതരം തുല്യതാ പരീക്ഷ എഴുതും. പരീക്ഷാ നടപടികൾ പൂർത്തിയായതായി ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു. 1318 സ്ത്രീകളും 311 പുരുഷന്മാരുമാണ് പരീക്ഷ എഴുതുന്നത്. ഇവരിൽ 84 പട്ടികജാതി വിഭാഗക്കാരും 29 പേർ പട്ടികവർഗ വിഭാഗക്കാരും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്. 45 ഭിന്നശേഷിക്കാരും പരീക്ഷ എഴുതുന്നവരിൽ ഉൾപ്പെടും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി 2900 പഠിതാക്കൾ തുല്യതാ കോഴ്‌സിൽ രജിസ്റ്റർ ചെയ്തിരുന്നു.
ഇവരിൽ 1828 പേർ പഠന ക്ലാസുകളിലെത്തി. 35 പഠനകേന്ദ്രങ്ങളിലാണ് പത്താമുദയം ക്ലാസുകൾ നടന്നത്. 270 അധ്യാപകരും പ്രേരക്മാരായ സെന്റർ കോ-ഓർഡിനേറ്റർമാരും ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ കണ്ണൂർ, ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ കല്ല്യാശ്ശേരി, ബി ഇ എം പി ഹൈസ്‌കൂൾ തലശ്ശേരി, ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ കൂത്തുപറമ്പ്, പി ആർ എം എച്ച് എസ് എസ് പാനൂർ, സെന്റ് ജോസഫ് എച്ച് എസ് എസ് പേരാവൂർ, ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ ചാവശ്ശേരി, മൂത്തേടത്ത് ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ തളിപ്പറമ്പ്, ജി ബി വി എച്ച് എസ് എസ് മാടായി, ജി എച്ച് എസ് എസ് മാത്തിൽ, ഗവ.എച്ച് എസ് എസ് ഇരിക്കൂർ, സീതി സാഹിബ് എച്ച് എസ് എസ്. തളിപ്പറമ്പ്, ജി എച്ച് എസ് എസ് രാമന്തളി, ജി എച്ച് എസ് എസ് കോട്ടയം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.