കാക്കിയണിഞ്ഞ കാര്‍ക്കശ്യത്തിന് അര്‍ഹതയ്ക്കുള്ള അംഗീകാരം ; കണ്ണൂരുകാരനായ മറ്റൊരു മുഖ്യമന്ത്രി മനോജ് ഏബ്രഹാമിനെ ഏല്‍പ്പിക്കുന്നതു സംസ്ഥാനത്തിന്റെയാകെ ക്രമസമാധാനച്ചുമതല
തിരുവനന്തപുരം: കണ്ണൂരില്‍ കൊലക്കത്തി രാഷ്ട്രീയം അരങ്ങുവാണ കാലം. അധ്യാപകന്‍ കൂടിയായ യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ കുട്ടികളുടെ മുന്നിലിട്ട് ക്ലാസ് മുറിയില്‍ വെട്ടിയരിഞ്ഞ സംഭവം മറ്റൊരു കൊലപാതകപരമ്പരയുടെ തുടക്കമായി മാറി. ഇരുപക്ഷവും പരസ്പരം നമ്പരിട്ട് വെട്ടിവീഴ്ത്തി. കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാഗ്രഹിച്ച അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ അന്വേഷണം ചെന്നെത്തിയതു പത്തനംതിട്ടയിലായിരുന്നു. ചെങ്ങന്നൂരുകാരനായ യുവ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ മനോജ് ഏബ്രഹാമിന് ഒറ്റവരി സന്ദേശമെത്തി. ”ഉടന്‍ മുഖ്യമന്ത്രിയെ കാണുക”.
സന്ദേശം ലഭിച്ചയുടന്‍ മനോജ് മുഖ്യമന്ത്രിക്കു മുന്നിലെത്തി. ”അന്നെ ഞാന്‍ കണ്ണൂര്‍ക്ക് അയയ്ക്കാന്‍ പോവുകയാ. അവിടെയാകെ കുഴപ്പമാ. നമ്മുടെ പാര്‍ട്ടിക്കാരും ആര്‍.എസ്.എസുകാരുമായി എന്നും വെട്ടും കുത്തും. അതൊന്നവസാനിപ്പിക്കണം. അനക്കതു കഴിയുമെന്നു ചിലര്‍ എന്നോട് പറഞ്ഞു. എന്താ അന്റെ അഭിപ്രായം?…” മനോജിന്റെ ഉറച്ച മറുപടി ഇങ്ങനെ: ”സര്‍, പക്ഷേ എന്റെ തീരുമാനങ്ങളില്‍ ഇടപെടരുതെന്ന് അങ്ങയുടെ
പാര്‍ട്ടിക്കാരോടു പറയണം”. ഉടന്‍ വന്നു നായനാരുടെ കൗണ്ടര്‍! ”അപ്പോള്‍ നമ്മുടെ പാര്‍ട്ടിക്കാരെ ഒതുക്കാനാണോ അന്റെ ഉദ്ദേശം?”. ”സര്‍, എനിക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാലേ അങ്ങ് വിചാരിക്കുന്നതുപോലെ അവിടെ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയൂ” എന്നായി മനോജ്. ”സമ്മതിച്ചു, പക്ഷേ ഇനിയൊരു കൊലപാതകം അവിടെ ഉണ്ടാകാതെ നോക്കണം” എന്നു മുഖ്യമന്ത്രിയും.
മുഖ്യമന്ത്രി നായനാരുമായുള്ള ഇൗ കൂടിക്കാഴ്ചയ്ക്കുശേഷം മനോജ് ഏബ്രഹാം ഐ.പി.എസ്. കണ്ണൂരിലേക്ക്. 2001 ജനുവരി ഒന്നുമുതല്‍ 2004 ജൂണ്‍ 24 വരെ കണ്ണൂര്‍ എസ്.പിയുടെ ചുമതലയില്‍ മനോജ് തിളങ്ങിയതോടെ കണ്ണൂര്‍ പഴയ കണ്ണൂരല്ലാതായി. രണ്ട് പതിറ്റാണ്ടിനുശേഷം കണ്ണൂരുകാരനായ മറ്റൊരു മുഖ്യമന്ത്രി പിണറായി വിജയന്‍ അതേ മനോജ് ഏബ്രഹാമിനെ ഏല്‍പ്പിക്കുന്നതു സംസ്ഥാനത്തിന്റെയാകെ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ കസേര.