‘മുഖ്യമന്ത്രി അഴിമതിക്കാരൻ, മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന’: വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവാദ ചോദ്യങ്ങൾ സഭയിൽ എത്താതിരിക്കാൻ ഇടപെട്ടെന്നാണ് വിമർശനം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം മനപൂർവ്വമാണെന്നും സതീശൻ ആരോപിച്ചു. ‘ആർഎസ്എസ് അജണ്ട പിവിയുടെ സ്ക്രിപ്റ്റ്’ എന്ന് എഴുതിയ ബാനറുമായി പ്രതിപക്ഷം സഭയുടെ അകത്തും പുറത്തും പ്രതിഷേധിച്ചു. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ഒഴിവാക്കിയ സഭാ ടിവി വി ഡി സതീശന്റെ പ്രസംഗ ഭാഗവും വെട്ടി.
നിയമസഭയിൽ അത്യസാധാരണമായ നാടകീയ രംഗങ്ങളാണ് ഇന്നുണ്ടായത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ കൊമ്പുകോർത്തു. കാപട്യത്തിന്റെ മൂർത്തീ ഭാവമാണ് സതീശനെന്ന് മുഖ്യമന്ത്രിയും മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് വി ഡി സതീശനും പറഞ്ഞു. മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണെന്നും ജനം എന്താണ് ചിന്തിക്കുന്നതെന്ന് പോലും മുഖ്യമന്ത്രിക്ക് അറിയില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. അഴിമതിക്കെതിരായ പിണറായിയുടെ പരാമർശം ചെകുത്താൻ വേദം ഓതും പോലെയാണെന്നും വി ഡി സതീശൻ പരിഹസിച്ചു.
പിന്നാലെയാണ് രൂക്ഷഭാഷയിൽ പിണറായി വിജയൻ മറുപടി നൽകിയത്. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്നും തന്നെ അഴിമതിക്കാരനാക്കാൻ നോക്കെണ്ടെന്നും ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. സമൂഹത്തിന് പിണറായി വിജയൻ ആരാണ് എന്നും സതീശൻ ആരാണ് എന്നും അറിയാം. പിണറായി വിജയൻ അഴിമതിക്കാരൻ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രിയും മറുപടി നൽകി.