ഗൂഗിൾമാപ്പിലൂടെ ATM കണ്ടെത്തും, മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂർ/നാമക്കൽ: തൃശൂർ എ.ടി.എം. കവർച്ചാ കേസിൽ പിടിയിലായത് ‘ഗ്യാസ് കട്ടർ ഗ്യാങ്’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവർ മോഷണം പതിവാക്കിയിരുന്നത്. 2021-ൽ കണ്ണൂരിലെ എ.ടി.എം. കവർച്ചാ കേസിന് പിന്നിലും ഇവരായിരുന്നുവെന്നാണ് വിവരം.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്. പണം നിറച്ചുവെച്ചിരിക്കുന്ന പ്രമുഖ ബാങ്കിന്റെ എ.ടി.എം. ലക്ഷ്യം വെച്ചായിരുന്നു കവർച്ചാ സംഘം നീങ്ങിയിരുന്നത്. നേരത്തെ ഹരിയാണ, മേവാർ തുടങ്ങിയിടങ്ങളിൽ കവർച്ച നടത്തിയതും ഈ സംഘമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മോഷണത്തിനായി പ്രത്യേക രീതിയായിരുന്നു സംഘം സ്വീകരിച്ചിരുന്നത്.
ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ആദ്യം എടിഎമ്മുകൾ ലക്ഷ്യം വെക്കും. ഏതൊക്കെ എടിഎമ്മുകളാണെന്ന് കണ്ടുവെച്ചശേഷം ഗ്യാസ് കട്ടറുമായെത്തി മോഷണം നടത്തുകയായിരുന്നു പതിവ്. എടിഎം പരിസരത്ത് എത്തിയ ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ വേർപ്പെടുത്തി വാഹനത്തിൽ കൊണ്ടു പോകും. തുടർന്ന് വിജനമായ സ്ഥലത്തുവെച്ച് എ.ടി.എമ്മിൽനിന്ന് പണം വേർതിരിച്ചെടുക്കും. അവിടെനിന്ന് സ്വന്തം വാഹനം കണ്ടെയിനറിൽ ഓടിച്ചുകയറ്റി രക്ഷപ്പെടുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് സേലം ഡി.ഐ.ജി. ഇ.എസ്. ഉമ പറഞ്ഞു.