കാലിഗ്രഫിയിൽ വിസ്മയം തീർക്കുന്ന മർയം അബൂബക്കർ
ഇരിട്ടി: വിളക്കോട് അയ്യപ്പൻ കാവിലെ മർയം അബൂബക്കറിൻറെ വിരലുകൾക്ക് മാസ്മരികത ഏറെയാണ്. ഏതാനും മണിക്കൂറുകൾ കൊണ്ട് ആയത്തുൽ കുർസിയ്യ് അരിമണിയിൽ തീർത്ത് ഇന്ത്യാബുക്ക് ഓഫ് റെക്കോഡിൽ സ്ഥാനം പിടിച്ച മർയം ഇന്നിതാ കഅബയുടെ കവാടത്തിൻറെ കിസ്‌വയുടെ തനിപകർപ്പ് കാലിഗ്രഫിയിൽ തീർത്ത് വിസ്മയിപ്പിച്ചിരിക്കുന്നു. തിരുവനന്തപുരത്ത് ഐ എ എസ് കോച്ചിംഗിന് പഠിക്കുന്ന മർയം ഇതിനൊക്കെ സമയം കണ്ടെത്തുന്നത് എങ്ങിനെയെന്ന ചോദ്യത്തിന് ഉപ്പ അബൂബക്കർ ഹാജിയുടെയും ഉമ്മ ഹഫ്സത്തിൻറെയും പിന്തുണ ഒന്ന് കൊണ്ട് മാത്രമാണെന്ന ഉത്തരമേ ഈ പ്രിയപ്പെട്ട മകൾക്കുള്ളൂ.
മർയമിന് പിതാവ് ഒരുക്കികൊടുത്ത റൂമിൽ സ്വന്തം കൈകളാൽ എഴുതിയ കാലിഗ്രഫികളുടേയും തനിക്ക് കിട്ടിയ പുരസ്കാരങ്ങളുടേയും ഒരു മേള തന്നെയാണ്. സയ്യിദന്മാർ പണ്ഡിതന്മാർ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ സംഘടനകൾ എന്നിവരിൽ നിന്നെല്ലാം അഭിനന്ദനങ്ങൾ ഈ മിഠുക്കി ഏറ്റ് വാങ്ങിയിട്ടുണ്ട് .കഴിഞ്ഞ ദിവസം നടന്ന പ്രത്യേക ചടങ്ങിൽ കുടുംബക്കാരെയും പണ്ഡിതന്മാരെയും നാട്ടുകാരെയും മഹല്ല് പ്രതിനിധികൾ രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖരെയെല്ലാം സാക്ഷി നിർത്തി പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ പ്രസ്തുക കാലിഗ്രഫി പ്രകാശനം ചെയ്തു.ഗൾഫ് നാടുകളിൽ ബിസിനസ് നടത്തുകയാണ് പിതാവ് അബൂബക്കർ ഹാജി.