കൂറ്റൻ പാറ കല്ല് ഇളകി താഴേക്ക് പതിച്ചു
ആറ് വീട്ടുക്കാരെ മാറ്റി പാർപ്പിച്ചു
മട്ടന്നൂർ: കുന്നിന് മുകളിൽ നിന്ന് കൂറ്റൻ പാറ കല്ല് ഇളകി താഴേക്ക് പതിച്ചു. അപകട ഭീഷണിയെ തുടർന്നു ആറ് വീട്ടുക്കാരെ മാറ്റി പാർപ്പിച്ചു.
ചാവശേരി പഴയ പോസ്റ്റാഫീസ് ഗണപതി ക്ഷേത്രത്തിന് സമീപത്തെ റബ്ബർ തോട്ടത്തിന് മുകളിലുള്ള കൂറ്റൻ കല്ലാണ് മഴയിൽ ഇളകി താഴേക്ക് പതിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. റബ്ബർ വെട്ടുക്കാരനാണ് കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് കൂറ്റൻ കല്ല് വീണ നിലയിൽ കണ്ടത്. ഇയാൾ നാട്ടുകാരെ വിവരം അറിയിച്ചതിനാൽ മട്ടന്നൂരിൽ നിന്ന് അഗ്നിശമന വിഭാഗവും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വീണ കല്ലിന് പുറമെ മറ്റൊരു കല്ലും കൂടി വീഴാൻ കിടക്കുന്നതിനാൽ കുന്നിന് താഴെയുള്ള ആറ് വീട്ടുക്കാരോട് മാറി താമസിപ്പിക്കാൻ നിർദ്ദേശം നൽകി. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ്, കൗൺസിലർ സി.ബിന്ദു എന്നിവർ സ്ഥലത്തെത്തി വീടുകളിൽ കയറി മാറി താമസിക്കാൻ പറയുകയായിരുന്നു. ആറ് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറ്റി. അപകടാവസ്ഥയിലായ കല്ല് പൊട്ടിച്ചു മാറ്റാൻ നിർദേശം നൽകിയതായി ചെയർപേഴ്സൺ പറഞ്ഞു.