
തളിപ്പറമ്പ്: തെരുവുനായ്കൾക്ക് കൂടൊരുക്കാൻ നഗരസഭാ യോഗത്തിൽ തീരുമാനമായി. നഗരത്തിൽ അലഞ്ഞുതിരിയുന്ന നായ്കൾ ഏറെയുണ്ട്. അവയെ പിടികൂടി നഗരസഭാ ട്രഞ്ചിങ് ഗ്രൗണ്ടിൽ പാർപ്പിക്കും. ചെയർമാൻ പി.കെ. സുബൈറാണ് പദ്ധതി വിശദീകരിച്ചത്.
നഗരസഭാ ശുചീകരണ തൊഴിലാളികളിൽ രണ്ടുപേർ നായകളെ പിടിക്കുന്നതിൽ പരിശീലനംനേടിയവരാണ്. ഇവരുടെ സഹകരണത്തോടെയാണ് നഗരത്തിലെ നായകളെ പിടികൂടുക. ഇവയെ പാർപ്പിക്കാനായിട്രഞ്ചിങ് ഗ്രൗണ്ടിൽ മുറികളുണ്ട്. കെട്ടിടം വെറ്ററിനറി സർജൻ പരിശോധിച്ച് അംഗീകാരം നൽകി. നഗരത്തിൽ സ്ഥാപിച്ച ഉപയോഗിക്കാതെകിടക്കുന്ന മിനി എം.സി.എഫുകൾ ഉപയോഗിച്ചാണ് കൂടൊരുക്കുക. എം.സി.എഫുകൾക്ക് ആവശ്യമായ മാറ്റങ്ങൾവരുത്തും. തെരുവിൽനിന്ന് പിടികൂടുന്ന നായ്കളെ ട്രഞ്ചിങ് ഗ്രൗണ്ടിൽ പാർപ്പിച്ച് പിന്നീട് ആനിമൽ ആംബുലൻസിൽ എ.ബി.സി. സെൻററുകളിലെത്തിക്കും.
ആംബുലൻസ് കിട്ടുന്നതുവരെ നഗരസഭയുടെ ‘യോദ്ധാ’ വാഹനത്തിൽ കൊണ്ടുപോകും. കൂട്ടിലാക്കുന്ന നായകൾക്ക് ഭക്ഷണം നൽകാനും മറ്റുമായി ഒന്നോരണ്ടോ പേരെ നിയമിക്കും. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന് എ.ബി.സി. സെൻറർ ആരംഭിക്കുന്നതിനുള്ള ശ്രമവും തുടരുമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.
പദ്ധതിയോട് അനുകൂല പ്രതികരണമാണ് കൗൺസിലർമാരിൽനിന്നുണ്ടായത്.



