രാത്രികാലങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണം, വൈദ്യുതി പ്രതിസന്ധി എത്ര കാലം ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല

തിരുവനന്തപുരം: വൈദ്യുതി എത്ര കാലം ഉണ്ടാകുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കാലാവസ്ഥയില്‍ വന്ന വലിയ വ്യതിയാനമാണ് പ്രതിസന്ധിക്ക് കാരണം. വൈദ്യുതിയുടെ ഉപയോഗത്തില്‍ വലിയ തോതില്‍ വര്‍ദ്ധനവ് ഉണ്ടായി. കഴിഞ്ഞ വര്‍ഷം ആവശ്യമായിരുന്നത് 3500 മുതല്‍ 3600 വരെ മെഗാവാട്ട്വൈദ്യുതിയായിരുന്നെങ്കില്‍ ഇത്തവണ അത് 4600 മുതല്‍ 4800 മെഗാവാട്ട് വരെയായി ഉയര്‍ന്നു. പുതിയ സ്ഥാപനങ്ങളും വീടുകളും ഇലക്ട്രിക് വാഹനങ്ങളും പുതിയ ഉപകരണങ്ങളും അടക്കം വന്നതോടെ വൈദ്യുതിയുടെ ഉപയോഗം വര്‍ദ്ധിച്ചു. അതേസമയം വൈദ്യുതിയുടെ ഉത്പാദനം കുറഞ്ഞുവെന്നും സണ്ണി ജോസഫ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
ജലസംഭരണിയില്‍ ജലത്തിന്റെ അളവ് വലിയ രീതിയില്‍ കുറഞ്ഞു. കഴിഞ്ഞ തവണ 60 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ അത് 28 ശതമാനമാണ്. വൈദ്യുതി ഉത്പാദനത്തില്‍ കുറവും ഉപഭോഗത്തില്‍ വലിയ വര്‍ദ്ധനവും ഉണ്ടായി. ഇതും പ്രതിസന്ധിക്ക് കാരണമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനായി ദീര്‍ഘകാല കരാറുകള്‍ പുനഃസ്ഥാപിക്കാനുള്ള നിയമപരമായ സാധ്യതകള്‍ പരിശോധിച്ചുവരികയാണ്.. ജൂണ്‍മാസത്തില്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഏപ്രില്‍, മെയ് മാസത്തെ പ്രതിസന്ധി പരിഹരിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഹ്രസ്വകാല കരാറിലൂടെ കൂടുതല്‍ വില നല്‍കി വൈദ്യുതി വാങ്ങാന്‍ ശ്രമിക്കും. ഇതിനായി കമ്മീഷനോട് അനുമതി തേടിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.



