Kerala

വാഹനാപകടങ്ങൾ തുടർക്കഥയായിട്ടും വാഹനമിടിച്ച്‌ തകർന്ന സുരക്ഷാസംവിധാനങ്ങൾ പുനഃസ്ഥാപിച്ചില്ല

നടുവിൽ : വാഹനാപകടങ്ങൾ തുടർക്കഥയായിട്ടും വാഹനമിടിച്ച്‌ തകർന്ന സുരക്ഷാസംവിധാനങ്ങൾ പുനഃസ്ഥാപിച്ചില്ല. മലയോര ഹൈവേയിൽ താവുകുന്നിലെ റോഡരികിൽ നശിപ്പിക്കപ്പെട്ട സുരക്ഷാവേലികളും കോൺക്രീറ്റ് മതിലുകളും സൂചനാ ബോർഡുകളും ഉയരവിളക്കുകളും പുനഃസ്ഥാപിച്ചില്ല.

ജില്ലയിലെ മലയോര ഹൈവെയുടെ ആദ്യ റീച്ചായ ചെറുപുഴമുതൽ വള്ളിത്തോട് വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടനം 2022-ൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്.  കാസർകോട് കണ്ണൂർ ജില്ലകളെ വയനാടുമായും മൈസൂരു, ബെംഗളൂരു നഗരങ്ങളുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളത്തിലേക്ക് കാസർകോട് ജില്ലയുടെ കിഴക്കൻഭാഗത്തുനിന്ന്‌ ധാരാളം യാത്രക്കാർ ഇതുവഴി കടന്നുപോകുന്നുണ്ട്. ഇതോടൊപ്പം താവുകുന്ന് വളവുകളിൽ അപകടങ്ങളും പെരുകി.

യാത്രയ്ക്കായി തുറന്നുകൊടുത്തുതിനുശേഷം ഉണ്ടായ നൂറോളം അപകടങ്ങളിൽ മൂന്നിലേറെ പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. നിരവധിപേർക്ക്‌ സാരമായ പരിക്കുപറ്റി ചികിത്സതേടേണ്ടിയും വന്നു. കുത്തനെയുള്ള ഇറക്കവും റോഡരികിലെ കൊക്കയും ഹെയർപിൻ വളവുകളുമാണിവിടെ അപകടങ്ങൾ ഉണ്ടാക്കുന്നത്. നടുവിൽ താവുകുന്ന് കവലമുതൽ തോട് വരെയുള്ള ഒരുകിലോമീറ്റർ ദൂരത്താണ് അപകടങ്ങൾ നടക്കുന്നത്. മറുനാടുകളിൽനിന്നെത്തുന്ന വാഹന ഡ്രൈവർമാരാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. രാത്രിയാണ് കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത്. വെളിച്ചക്കുറവ് കാരണമാണിതെന്ന്‌ നാടുകാർ പറയുന്നു. വേണ്ടത്ര തെരുവുവിളക്കുകൾ ഇവിടെയില്ല. ഉണ്ടായിരുന്ന മിനി മാസ്റ്റ് വിളക്ക് രണ്ടാഴ്ചമുമ്പ്‌ ക്രെയിൻ മറിഞ്ഞ്‌ തകർന്നുപോകുകയും ചെയ്തു. തകർന്ന വിളക്കുകാൽ നാളിതുവരെ അവിടെനിന്ന്‌ മാറ്റുകയോ പുനഃസ്ഥാപിക്കുകയോ ചെയ്തിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button