
തിരുവനന്തപുരം : സ്ത്രീകൾക്കായുള്ള ‘പ്രിയദർശിനി’ സൗജന്യ ബസ് സർവീസ് പദ്ധതി ഒരു മാസം പൂർത്തിയാക്കിയ സാഹചര്യത്തിൽ പദ്ധതി വൻ വിജയമാണെന്ന് സംസ്ഥാന സർക്കാർ വിലയിരുത്തി. സാധാരണക്കാരായ സ്ത്രീകളുടെയും തൊഴിലാളികളുടെയും യാത്രാച്ചെലവ് കുറയ്ക്കാനും സാമ്പത്തിക ആശ്വാസം നൽകാനും പദ്ധതിക്ക് കഴിഞ്ഞതായി ഗതാഗത വകുപ്പ് അറിയിച്ചു.
പ്രതിമാസം 8,000 മുതൽ 12,000 രൂപ വരെ വരുമാനമുള്ള സ്ത്രീ തൊഴിലാളികൾക്ക് യാത്രാക്കൂലി ഇനത്തിൽ ഗണ്യമായ ലാഭമുണ്ടായതായി ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. അർബുദം, കരൾരോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾക്ക് ചികിത്സ തേടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പദ്ധതിയിലൂടെ യാത്ര കൂടുതൽ എളുപ്പമായതായും മന്ത്രി വ്യക്തമാക്കി.
അതേസമയം, പദ്ധതി നടപ്പിലായതോടെ സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധി പഠിക്കാൻ റിട്ട. ഡി.ജി.പി. പത്മകുമാർ അധ്യക്ഷനായ അഞ്ചംഗ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
നിലവിൽ പുതിയ ബസുകൾ വാങ്ങാനുള്ള തീരുമാനമില്ലെന്നും, നിലവിലുള്ള സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും മന്ത്രി അറിയിച്ചു. പദ്ധതിക്കായി ബജറ്റിൽ 600 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



