വയനാട്

കള്ളാടി മണ്ണിടിച്ചിലിൽ വിറങ്ങലിച്ച് വയനാട്: മരണസംഖ്യ 5 ആയി; മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും കഡാവർ നായകളുമായി NDRFൻ്റെ തിരച്ചിൽ, നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. പ്രദേശത്ത് നിലവിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് സംഘങ്ങളാണ് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.(Wayanad Kalladi Landslide Death Toll Five NDRF Uses Movement Cameras)Maps

ആകെ 70 രക്ഷാപ്രവർത്തകർ അടങ്ങുന്ന സംഘമാണ് നിലവിൽ മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. മനുഷ്യജീവനുകൾ എത്രയും വേഗം കണ്ടെത്തുകയും അവരെ ജീവനോടെ പുറത്തെത്തിക്കുകയുമാണ് ലക്ഷ്യം. ദുരന്തസമയത്ത് എത്രപേർ മൺകൂനയ്ക്കടിയിൽ അകപ്പെട്ടിട്ടുണ്ടാകാം എന്നതിൽ കൃത്യമായ വിവരങ്ങൾ വനംവകുപ്പും പോലീസും ചേർന്ന് ശേഖരിച്ചുവരികയാണ്.


തിരച്ചിൽ കൂടുതൽ ഫലപ്രദമാക്കുന്നതിനായി രണ്ട് കെഡാവർ നായ്ക്കളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. കൂടാതെ, വൻ മൺകൂനകൾക്കടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക ‘മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’ രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്. മണ്ണിനടിയിൽ എന്തെങ്കിലും തരത്തിലുള്ള ചലനങ്ങളോ അനക്കങ്ങളോ ഈ ക്യാമറയിൽ ശ്രദ്ധയിൽപ്പെട്ടാൽ, അവിടെ അതീവ ജാഗ്രതയോടെ പതിയെ മണ്ണ് നീക്കി ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് എൻ.ഡി.ആർ.എഫ് ശ്രമിക്കുന്നത്. പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിക്കുന്നതിനായി എൻ.ഡി.ആർ.എഫ് ഓപ്പറേഷൻസ് ഡെപ്യൂട്ടി കമാൻഡന്റിന്റെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥരും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
കനത്ത മഴയും ഉരുൾപൊട്ടൽ ഭീഷണിയും തുടരുന്ന പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ അടക്കമുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും നദികളിലോ വെള്ളക്കെട്ടുകളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുതെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും കളക്ടർ കർശന നിർദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button