കണ്ണൂരിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ശക്തമാകുന്നു; ചർച്ച പരാജയം, തിങ്കളാഴ്ച മുതൽ കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം

കണ്ണൂർ: ജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളിൽ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ (ഐഎൻഎ) നേതൃത്വത്തിൽ തുടരുന്ന നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട് കോഴിക്കോട് റീജ്യണൽ ജോയിന്റ് ലേബർ കമ്മീഷണർ (ആർജെഎൽസി) ഓഫീസിൽ നടന്ന അനുരഞ്ജന ചർച്ച ഫലമുണ്ടാക്കാതെ പിരിഞ്ഞു. സമരം 50 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ചർച്ച നടന്നത്.
ചർച്ചയിൽ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾക്ക് പകരം ബന്ധപ്പെട്ട ആശുപത്രികളുടെ തൊഴിലുടമകൾ നേരിട്ട് ഹാജരാകണമെന്ന് ആർജെഎൽസി നിർദേശിച്ചിരുന്നെങ്കിലും ആശുപത്രി ഉടമകൾ ഹാജരാകാതിരുന്നതിനാൽ ചർച്ചയിൽ പുരോഗതിയുണ്ടായില്ല. ഇതോടെ സമരം കൂടുതൽ ശക്തിപ്പെടുത്താൻ സംയുക്ത സമരസഹായ സമിതി തീരുമാനിച്ചു.
നിലവിൽ ആശുപത്രികൾക്ക് മുന്നിൽ തുടരുന്ന സമരം തുടരുന്നതിനൊപ്പം തിങ്കളാഴ്ച മുതൽ കണ്ണൂർ ജില്ലാ കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സമരവും ആരംഭിക്കും. ആറ് ആശുപത്രികളിലെയും നഴ്‌സുമാരിൽ ഒരു വിഭാഗം കലക്ടറേറ്റിലെ സമരത്തിൽ പങ്കെടുക്കും. ആശുപത്രികൾക്ക് മുന്നിലെ പ്രതിഷേധം പതിവുപോലെ തുടരുമെന്നും ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ അറിയിച്ചു.
അതേസമയം, തൊഴിൽ വകുപ്പ് വിവിധ ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ, ബന്ധപ്പെട്ട ആശുപത്രി മാനേജ്മെന്റുകൾക്കെതിരെ സർക്കാർ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് സംയുക്ത സമരസഹായ സമിതി ആവശ്യപ്പെട്ടു. തൊഴിൽ വകുപ്പ് കണ്ടെത്തിയ നിയമലംഘനങ്ങളിൽ നടപടി സ്വീകരിച്ച് സമരത്തിലിരിക്കുന്ന നഴ്‌സുമാർക്ക് നീതി ഉറപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
നിയമപരമായ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുകയും നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന വരെ സമരം കൂടുതൽ ശക്തമായി തുടരുമെന്ന് ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി അറിയിച്ചു.



