
കണ്ണൂർ: പ്രൊഫഷണൽ ജോലിതേടി പോകാതെ കൃഷിയെ കൂട്ടുപിടിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കേരളത്തിൽ വർദ്ധിക്കുകയാണ്.
ഇവരിൽതന്നെ വ്യത്യസ്‌തമായി ചിന്തിച്ച് വേറിട്ട കൃഷിയിലൂടെ പണം സമ്പാദിക്കുകയാണ് കണ്ണൂരുകാരനായ ഒരു 22കാരൻ. കേരളത്തിൽ വലിയ പ്രചാരത്തിലില്ലാത്ത കഴുത വളർത്തലാണ് യദുകൃഷ്ണൻ തിരഞ്ഞെടുത്തിരിക്കുന്നത്.
കഴുതപ്പാലിൽ നിന്ന് ഗുണമേന്മയേറിയ സൗന്ദര്യവർദ്ധക സോപ്പുകൾ നിർമിക്കുന്ന കമ്പനി ഉടമയാണ് കണ്ണൂർ ചൊക്ളി ഒളവില സ്വദേശി യദു.
കൽപ്പറ്റ മുണ്ടേരി വിഎച്ച്എസ്എസിൽ നിന്ന് ലൈവ് സ്റ്റോക്ക് ആൻ്റ് ഡയറി ഫാം പഠിച്ചിറങ്ങിയതിനുശേഷമാണ് കഴുതവളർത്തൽ എന്ന ആശയം യദുവിന്റെ മനസിലുദിച്ചത്.
മാതാപിതാക്കൾ കർഷകരായതിനാൽ ആ പാത തന്നെ യദു സ്വീകരിക്കുകായിരുന്നു. വീട്ടിൽ പശുവളർത്തലുണ്ട്. ഏത് പാലിനാണ് വിലകൂടുതലെന്നും ഡിമാൻ്റെന്നും യദു അന്വേഷിച്ചു. ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കാനായി ഇന്റർനെറ്റിന്റെ സഹായം തേടി. തുടർന്നാണ് കഴുതപ്പാൽ എന്ന സംരംഭത്തിലെത്തിയത്. കർണാടകയിലെയും ആന്ധ്രയിലെയും കഴുതഫാമുകൾ സന്ദർശിച്ചും കൃഷിരീതികൾ പഠിച്ചു. തുടർന്ന് കർഷകനായ അച്ഛന്റെ സഹായത്തോടെ കഴുതകളെ വാങ്ങി.



