
കണ്ണൂർ: ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ പ്രതിനിധികളുടെ ശക്തമായ വിമർശനം. സംഘടന പിണറായി വിജയന്റെ ‘വാലായി’ മാറിയെന്നും അടിയന്തരമായി പ്രവർത്തനരീതിയിൽ തിരുത്തലുകൾ വരുത്തണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.(DYFI Kannur District Conference Criticizes Leadership)
കണ്ണൂരിലെ കോട്ടകളിൽ സംഘടന നേരിടുന്ന ആഭ്യന്തര തർക്കങ്ങളും നേതൃത്വത്തിന്റെ വീഴ്ചകളും സമ്മേളനത്തിൽ വലിയ ചർച്ചയായി. സരിൻ ശശിക്കെതിരെയാണ് സമ്മേളനത്തിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്. പയ്യന്നൂരിലെ പാർട്ടിയിലും സംഘടനയിലും വിഭാഗീയത വളർത്തുന്നതിൽ സരിൻ ശശി പ്രധാന പങ്കുവഹിച്ചുവെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.
സംഘടനയുടെ കരുത്ത് ചോർന്നുപോകുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി വേണമെന്നും പ്രവർത്തന റിപ്പോർട്ടിലെ വീഴ്ചകൾ അടിയന്തരമായി പരിഹരിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ അപ്രമാദിത്വത്തിനും പ്രവർത്തനശൈലിക്കുമെതിരെ ഉയർന്ന ഈ വിമർശനങ്ങൾ ഡിവൈഎഫ്ഐയുടെ കണ്ണൂരിലെ രാഷ്ട്രീയ സ്വാധീനത്തെ എങ്ങനെ ബാധിക്കുമെന്നതിലേക്കാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.



