
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച പ്രതി ഗോവിന്ദച്ചാമിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ ആണ് പൊലീസ് തീരുമാനം.കോടതി അനുമതിയോടെയാകും വിശദമായ ചോദ്യം ചെയ്യല്‍.ജയില്‍ ചാടാനായി ആരൊക്കെ സഹായിച്ചു ,വിവരങ്ങള്‍ ആരൊക്കെ അറിഞ്ഞു എന്നത് ഏറെ നിര്‍ണായകമാണ്.ജയില്‍ ചാടുന്നതിന് മുന്‍പ് ഫോണില്‍ സംസാരിച്ച ഷെല്‍വത്തെയും പൊലീസ് ചോദ്യം ചെയ്യും.ജയിലിലെ നാല് തടവുകാര്‍ക്ക് ജയില്‍ ചാട്ടത്തിനെ പറ്റി മുന്‍പേ അറിയാമായിരുന്നു.അതിനാല്‍ സഹ തടവുകാരായ തേനി സുരേഷ് ശിഹാബ്, സാബു, വിശ്വനാഥന്‍ എന്നിവരെയും ചോദ്യം ചെയ്യും.
കണ്ണൂര്‍ സിറ്റി പോലീസ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.കമ്മീഷണര്‍ നിതിന്‍ രാജിന്റെ നേതൃത്വത്തില്‍ തെളിവുകള്‍ വിലയിരുത്തി.കഴിഞ്ഞ മാസം 25 നാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചത്.പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടിപ്പോയത്.



