
പിഎം ഇൻ്റേൺഷിപ്പ് സ്കീം 2025നുള്ള രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും. ഇത് ഇന്ത്യയിൽ ഉടനീളമുള്ള തൊഴിലന്വേഷകർക്ക് ഇന്റേൺഷിപ് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. 8 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്കാണ് അവസരം. അപേക്ഷകരുടെ പ്രായം 21നും 24നും ഇടയിലായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി അപേക്ഷ നൽകാം.
10-ാം ക്ലാസ് അല്ലെങ്കില്‍ 12-ാം ക്ലാസ് യോഗ്യത പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും ബിരുദം, ബിരുദാനന്തര ബിരുദം നേടിയവർക്കും പിഎം ഇന്റേൺഷിപ്പ് സ്കീമിന് അപേക്ഷിക്കാം. എന്നാൽ, പ്രൊഫഷണൽ ബിരുദധാരികൾ, ബി.ടെക്, എംബിഎ, സിഎ തുടങ്ങിയവ പഠിച്ച ഉദ്യോഗാർത്ഥികൾക്ക് ഈ പദ്ധതി മുഖേന അപേക്ഷിക്കാൻ കഴിയില്ല.
സാങ്കേതികവിദ്യാധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അപേക്ഷകർ സമർപ്പിച്ച മുൻഗണനകളും കമ്പനികൾ പോസ്റ്റ് ചെയ്യുന്ന ആവശ്യകതകളും അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത്. 12 മാസമായിരിക്കും ഇന്റേൺഷിപ്പ് കാലയളവ്. ഈ കാലയളവിൽ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 5,000 രൂപ വീതം സഹായം ലഭിക്കും. ചെറിയ ചെലവുകൾക്ക് ഒറ്റത്തവണ സഹായമായി 6,000 രൂപയും ലഭിക്കുന്നതാണ്.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
ഔദ്യോഗിക വെബ്‌സൈറ്റായ internship.mea.gov.in സന്ദർശിക്കുക.
ഹോംപേജിലെ ‘രജിസ്റ്റർ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇനി ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക.
ശേഷം, നിങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് (സ്ഥലം, മേഖല, പദവി, യോഗ്യത) 5 ഇന്റേൺഷിപ്പ് റോളുകൾക്ക് വരെ അപേക്ഷിക്കാം.
തുടരാവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള ഒരു കോടി യുവജനങ്ങൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുക എന്നതാണ് പിഎം ഇന്റേൺഷിപ്പ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷയുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും, അപേക്ഷകർക്ക് pminternship@mca.gov.in എന്ന ഇമെയിൽ വഴിയോ 1800 11 6090 എന്ന ഹെൽപ്പ്ലൈൻ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.



