
ന്യൂഡൽഹി: 2026 ജനുവരി ഒന്ന് മുതൽ സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും ഉൾപ്പെടെ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ.ബി.എസ്) നിർബന്ധമാക്കി. എൻജിൻ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇൻസ്റ്റാൾ ചെയ്യണമെന്നതാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം.
റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. നിലവിൽ, 125 സിസിയിൽ കൂടുതൽ എൻജിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ എബിഎസ് നിർബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡർക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിർത്താൻ ഇതുവഴി സാധിക്കും. സ്കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതൽ 45 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോൾ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെൽമെറ്റുകൾ നൽകേണ്ടതും സർക്കാർ നിർബന്ധമാക്കും. നിലവിൽ ഒരു ഹെൽമെറ്റ് മാത്രമാണ് നൽകുന്നത്. റൈഡറുടെയും പിൻസീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളിൽ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്.



