
രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനവ്. രാജ്യത്ത് ഇതുവരെ 7154 ആക്റ്റീവ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 33 കേസുകളുടെ വര്‍ദ്ധനവ്.
മഹാരാഷ്ട്രയില്‍ രണ്ടു മരണവും മധ്യപ്രദേശില്‍ ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 2165 ആക്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം കൊവിഡ് കേസുകള്‍ ഉയരവെ, കേരളത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കൊവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിങ് നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എക്‌സ്എഫ്ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്.
ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.



