
സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവേശനോത്സവം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമായി മാറിയെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് നടന്നത്. മതനിരപേക്ഷത, ജനാധിപത്യ ബോധം എന്നിവ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിനായി മാത്രം ചുരുങ്ങരുത്. ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. അറിവ് മാത്രം പോരാ, വിവേകവും വിവേചന ബുദ്ധിയും വേണം. കുട്ടികള്‍ വിമര്‍ശനാത്മക ബുദ്ധിയോടെ ഓരോന്നിനെയും സമീപിക്കണം. അതിനായി കുട്ടികളുടെ ചിന്താ ശേഷി വര്‍ദ്ധിക്കണം.വിദ്യാര്‍ത്ഥികളില്‍ കൗതുകത്തിന്റെയും ജിജ്ഞാസയുടെയും അന്തരീക്ഷം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അറിവും തിരിച്ചറിവുമാണ് പഠനത്തിന്റെ ലക്ഷ്യം. ഔചിത്യം ബോധം , വിവേകം , വകതിരിവ് എന്നിവ വേണം. സമൂഹത്തിന് ഉപകരിക്കത്തക്ക രീതിയില്‍ അറിവ് എത്തണമെന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമുതല്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികള്‍ തിരിച്ചറിയണം. സാരോപദേശകരീതി മാത്രമല്ല നല്ല കാര്യങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്താന്‍ ആവണമെന്ന് അദേഹം നിര്‍ദേശിച്ചു.
സംസ്ഥാനത്തിന്റെ മതനിരപേക്ഷത ബോധത്തിന് കേരളത്തിലെ വിദ്യാലയങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. വിവിധ ജാതികളില്‍ പെട്ടവര്‍ ഒരേ ബെഞ്ചില്‍ ഇരുന്നു പഠിച്ച ചരിത്രമാണ് നമുക്കുള്ളത്. ആ സാഹോദര്യ ബോധം ഇന്നും നമ്മുടെ ക്ലാസ് മുറികളില്‍ നിലനില്‍ക്കുന്നു. പൊതുവിദ്യാലയങ്ങള്‍ അടഞ്ഞു പോകുന്ന അവസ്ഥ ഉണ്ടായിരുന്നു. 5 ലക്ഷം വിദ്യാര്‍ഥികള്‍ 2016 ല്‍ പൊതു വിദ്യാലയങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോയി. ആയിരം വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ തയ്യാറായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞം എന്നൊരു മിഷന്‍ 2016 ല്‍ ആരംഭിച്ചു. അതിന്റെ ഭാഗമായി നടപ്പാക്കിയ മാസ്റ്റര്‍ പ്ലാന്‍ ഭാഗമായിരുന്നു ഇന്ന് ഈ പരിപാടി നടക്കുന്ന കലവൂര്‍ സ്‌കൂളെന്ന് മുഖ്യമന്ത്രി പറഞ്ഞു.



