
കണ്ണൂർ: പൊതുവിദ്യാലയങ്ങളിൽ ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം കുത്തനെ കുറയുമ്പോൾ അൺ എയ്‌ഡഡ് വിദ്യാലയങ്ങളിൽ നിന്ന് വിദ്യാർഥികളെ എത്തിക്കാൻ നടപടിയുമായി സർക്കാർ. അതിൻ്റെ ഭാഗമായി രണ്ടുമുതൽ പത്താംതരം വരെയുള്ള കുട്ടികളെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) ഇല്ലാതെ ചേർക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. കുട്ടികൾ ഒഴിഞ്ഞു പോകുന്നത് ചെറുക്കാൻ ടിസി നൽകാത്ത ചില അൺ എയ്ഡഡ് വിദ്യാലയ അധികൃതരുടെ നിലപാടിന് തിരിച്ചടിയുമാണ് പുതിയ ഉത്തരവ്.
രണ്ടുമുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനമാക്കി പ്രവേശനം നൽകാമെന്നാണ് ഉത്തരവ്. ഒൻപത്, പത്ത് ക്ലാസുകളിൽ വയസ്സിൻ്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിൽ കുട്ടികളെ ചേർക്കാം. എല്ലാ വിഷയങ്ങൾക്കും വകുപ്പ് തയ്യാറാക്കുന്ന ചോദ്യക്കടലാസ് ഉപയോഗിച്ച് വിദ്യാഭ്യാസ ഓഫീസറുടെ മേൽ നോട്ടത്തിലായിരിക്കണം പരീക്ഷയെന്നാണ് ഉത്തരവ്. കഴിഞ്ഞ അധ്യയനവർഷം സംസ്ഥാനത്ത് 3,55,967 വിദ്യാർഥികളാണ് അൺ എയ്‌ഡഡ് മേഖലയിൽ ഒന്നുമുതൽ 10 വരെയുള്ള ക്ളാസുകളിലുണ്ടായിരുന്നത്. അതിൽ നല്ലൊരു വിഭാഗത്തെ പൊതു വിദ്യാലയങ്ങളിലേക്കെത്തിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം.



