
ഇരിട്ടി: ജൂലായ് 13 ന് എടക്കാനം റിവർ വ്യൂ പോയിന്റിൽ നടന്ന അക്രമണ സംഭവവുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. കേസിലെ പത്താം പ്രതി കാക്കയങ്ങാട് പാലയിലെ കുന്നുമ്മൽ കണ്ടി ഹൗസിൽ കെ. പി. ബൈജു ( 36 ), കാക്കയങ്ങാട് പാലയിലെ കറളത്ത് ഹൗസിൽ അച്ചു എന്ന പി. അശ്വന്ത് (23) എന്നിവരെയാണ് ഇരിട്ടി സി ഐ എ.കുട്ടിക്കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഇതോടെ ഈ അക്രമണ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പത്തായി.
കോടയിയിൽ ഹാജരാക്കിയ രണ്ടു പേരെയും റിമാൻ്റ് ചെയ്തു.
കണ്ടാൽ അറിയാവുന്ന 11 പേർ ഉൾപെടെ 15 പേർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പു പ്രകാരം വിവിധ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തിരുന്നത്. അക്രമത്തിനു പിന്നാലെ വിവിധ ദിവസങ്ങളിലായി അറസ്റ്റിലായ സി പി എം ലോക്കൽ കമ്മിറ്റിയംഗം ഉൾപ്പെടെ എട്ടു പേർ ഇപ്പോഴും റിമാൻ്റിലാണ്.
എടയന്നൂർ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധകേസിലെ രണ്ടാം പ്രതിയും കാക്കയങ്ങാട് പാലപ്പുഴ സ്വദേശി ദീപ് ചന്ദ് (34) ആണ് കേസിലെ ഒന്നാം പ്രതി. ഇയാൾ ഉൾപ്പെടെ മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയതായും പ്രതികൾ ഉടൻ വലയിലാകുമെന്നും ഇരിട്ടി സി ഐ എ. കുട്ടികൃഷണൻ പറഞ്ഞു.
അതേസമയം ഈ കേസിൽ റിമാന്റിലുള്ള പ്രതി മുഴക്കുന്ന് ഗ്രാമം ഗുണ്ടികയിലെ കൈമടയൻ ഹൗസിൽ അക്ഷയിനെ മുഴക്കുന്ന് പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്നു പോലീസ് ജയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിലെ നാല് പേർക്കെതിരെയാണ് കാപ്പ ചുമത്തിയതായി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. മറ്റു മൂന്നു പേരെയും അടുത്ത ദിവസങ്ങളിൽ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം നടത്തുന്നത്.



