
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസിന് വേണ്ടി ഒരു വിധ നിർബന്ധ പിരിവുകളും നടത്തുന്നില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു.
കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ ബജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തുകയും കണ്ണൂർ വിമാനത്താവള വികസനത്തിന് വേണ്ടി സംസ്ഥാന സർക്കാരിന് കീഴിലുള്ള കിൻഫ്ര ഏറ്റെടുത്ത ഭൂമിയിൽ നിന്നും ഒരു ഏക്കർ ഭൂമി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക രീതിയിലുള്ള മൾട്ടി പർപ്പസ് കൺവെൻഷൻ സെന്റർ എന്ന നിലയിൽ നിർമിക്കുന്ന ഹജ്ജ് ഹൗസിന് പ്രഥാമിക കണക്കിൽ 17 മുതൽ 20 കോടി രൂപവരെയാണ് എസ്റ്റിമേറ്റ് വരുമെന്നാണ് കണക്കാക്കുന്നത്. സർക്കാർ അനുവദിച്ച അഞ്ചുകോടി രൂപകൊണ്ടു മാത്രം ഹജ്ജ് ഹൗസിന്റെ നിർമാണം നടത്താൻ കഴിയില്ല. ഈ സഹാചര്യത്തിലാണ് കോഴിക്കോട് ഹജ്ജ് ഹൗസ് നിർമിച്ച മാതൃകയിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെ കണ്ണൂരിലെ ഹജ്ജ് ഹൗസും നിർമിക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനിച്ചത്.
ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനം നിർവഹിച്ച മുഖ്യമന്ത്രിയുടെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും സാന്നിധ്യത്തിലാണ് മുസ്‍ലിം ലീഗിലെ പി.വി. അബ്ദുൽ വഹാബ് എം.പി 50 ലക്ഷം രൂപയുടെ ധനസഹായം ആദ്യം പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ ആ പാർട്ടി ഹജ്ജ് ഹൗസ് നിർമാണത്തിന് എതിര് നിൽക്കുമെന്ന് കരുതുന്നില്ലെന്നും ചെയർമാൻ പറഞ്ഞു. ഒരുപക്ഷെ തെറ്റിദ്ധാരണകൊണ്ടാകാം മുസ്‍ലീം ലീഗ് നിർബന്ധ പിരിവെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ടാകുകയെന്നും എല്ലാ ബാധ്യതകളും തീർത്ത് ഹജ്ജിന് പോകുന്ന വിശ്വാസികളെ നിർബന്ധിച്ച് തുക വാഗ്ദാനം ചെയ്യിപ്പിക്കുന്ന സമീപനം ഹജ്ജ് കമ്മിറ്റിക്ക് ഇല്ലെന്നും ചെയർമാൻ വ്യക്തമാക്കി.
ഹജ്ജിന് പോകുന്ന ആരെയും നിർബന്ധിക്കുകയോ ഒരുരൂപ പോലും ഇതുവരെ പിരിവ് നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഹജ്ജ് ക്യാമ്പ് സംഘാടക സമിതി ജനറൽ കൺവീനർ പി.പി. മുഹമ്മദ് റാഫിയും പറഞ്ഞു. അടുത്ത ഹജ്ജ് കാലത്തിനിടയിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ആവശ്യമായ തുക ക്രൗഡ് ഫണ്ടിങ്ങിലൂടെ സ്വരൂപിക്കാനാണ് ലക്ഷ്യമെന്നും താൽപര്യമുള്ളവർക്ക് ഫോൺ നമ്പറോ വിലാസമോ തരാമെന്നും മാത്രമേ ഹാജിമാരോട് പറഞ്ഞിട്ടുള്ളൂവെന്നും മറിച്ചുള്ള പ്രചരണം ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു. പത്ര സമ്മേളനത്തിൽ ഹജ്ജ് കമ്മറ്റി അംഗങ്ങളായ ഒ.വി.ജയഫർ, ശംസുദ്ധീൻ അറിഞ്ചിറ, മീഡിയ കമ്മറ്റി ചെയർമാൻ ഷബ്നം എന്നിവർ കൂടി പങ്കെടുത്തു.



