!-- afp header code starts here -->
Kerala

സുപ്രീംകോടതി വിധി: വൈദ്യുതിനിരക്കില്‍ വൻവര്‍ധന വരുന്നു, കേരളത്തില്‍ കൂട്ടേണ്ടത് യൂണിറ്റിന് 90 പൈസ

തിരുവനന്തപുരം: രാജ്യത്താകെ വൈദ്യുതിനിരക്ക് കൂടാൻ സാഹചര്യമുണ്ടാക്കി സുപ്രീംകോടതിയുടെ ഉത്തരവ്. വൈദ്യുതിവിതരണ കമ്ബനികളുടെ മുൻകാലനഷ്ടമായ 1.6 ലക്ഷം കോടി രൂപ രണ്ടരവർഷത്തിനകം നികത്തിനല്‍കാനാണ് സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകളോട് ബുധനാഴ്ച സുപ്രീംകോടതി നിർദേശിച്ചത്.

കേരളത്തില്‍‌ നികത്തേണ്ടിവരുക 6600 കോടിരൂപയാണ്. ഇത് ഈടാക്കാൻ രണ്ടരവർഷത്തേക്ക്‌ യൂണിറ്റിന് 90 പൈസ കൂട്ടേണ്ടിവരും.

വിധി ഉടനെ നടപ്പാക്കണമെന്നതിനാല്‍ മുൻപെങ്ങുമുണ്ടാകാത്ത വലിയവർധനയാണ് കേരളത്തില്‍ വരുക.

ഡല്‍ഹിയില്‍ വൈദ്യുതിവിതരണ കമ്ബനികളുടെ ‘റെഗുലേറ്ററി അസറ്റ്’ നികത്താതെ കുമിഞ്ഞുകൂടുന്നതിനെതിരേ റിലയൻസിന്റെ വൈദ്യുതിക്കമ്ബനിയായ ബിഎസ്‌ഇഎസും ടാറ്റാ പവറും നല്‍കിയ കേസിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വിധി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വൈദ്യുതിവിതരണ കമ്ബനികള്‍ക്ക് ബാധകവുമാക്കി.

റെഗുലേറ്ററി അസറ്റ് പ്രഖ്യാപിച്ചാല്‍ മൂന്നുവർഷത്തിനകം നികത്തണം. ഇതുവരെയുള്ള റെഗുലേറ്ററി അസറ്റ് 2024 ഏപ്രില്‍ ഒന്നിന് തുടങ്ങി നാലുവർഷത്തിനുള്ളില്‍ നികത്തിയിരിക്കണം. വിധി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ രാജ്യത്തെ വൈദ്യുതി അപ്പലേറ്റ് അതോറിറ്റിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

എന്താണ് റെഗുലേറ്ററി അസറ്റ്?

വിതരണക്കമ്ബനികളുടെ നഷ്ടം എത്രയാണെന്ന് റെഗുലേറ്ററി കമ്മിഷനാണ് നിശ്ചയിക്കുന്നത്. നഷ്ടംനികത്താൻ വലിയതോതില്‍ നിരക്ക് കൂട്ടേണ്ടിവരുന്നത് ഒഴിവാക്കാൻ ഒരു ഭാഗം പിന്നീട് നികത്താമെന്ന ധാരണയില്‍ മാറ്റിവെക്കും. ഇതാണ് റെഗുലേറ്ററി അസറ്റ്.

കേരളത്തില്‍ കെഎസ്‌ഇബിക്ക് ഇനിയും റെഗുലേറ്ററി കമ്മിഷൻ നികത്തിനല്‍കേണ്ട നഷ്ടം 6600 കോടിയാണ്. 2011 മുതല്‍ 2017 വരെയാണിത്. 2017-നുശേഷം കമ്മിഷൻ അനുവദിച്ച നഷ്ടം ഏതാണ്ട് പൂർണമായി നികത്തുന്ന നിരക്കുവർധനയാണുണ്ടായത്.

നിരക്ക് ഒറ്റയടിക്ക് കുത്തനെ കൂട്ടുമ്ബോഴുള്ള പ്രശ്നം ഒഴിവാക്കാൻ കുടിശ്ശികയില്‍ ഒരുഭാഗം ഉടനെ നികത്താനും ശേഷിക്കുന്നത് അടുത്തഘട്ടത്തില്‍ നികത്താനും കോടതി നിർദേശിച്ചിട്ടുണ്ട്.

സർക്കാർസമീപനം നിർണായകം

നഷ്ടം ജനങ്ങളില്‍നിന്ന് ഈടാക്കണോ എന്നത് സർക്കാരിന് തീരുമാനിക്കാം. പകരം ബോർഡിന് സബ്‌സിഡിനല്‍കണം. നിലവിലെ സബ്‌സിഡിതന്നെ സർക്കാരിന് ബാധ്യതയാണ്. കഴിഞ്ഞവർഷം വൈദ്യുതിനിരക്ക് യൂണിറ്റിന് 16 പൈസയും ഈവർഷം 12 പൈസയും കൂട്ടിയിരുന്നു. വിധിയെക്കുറിച്ച്‌ വിലയിരുത്തുകയാണെന്നും സർക്കാർ, റെഗുലേറ്ററി കമ്മിഷൻ കേന്ദ്രങ്ങള്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button