ആറളം ഫാമിൽ കാട്ടാനയുടെ അക്രമണത്തിൽ വാരിയെല്ലുകളടക്കം തകർന്ന കള്ള് ചെത്ത് തൊഴിലാളി ഗുരുതരാവസ്ഥയിൽ

ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയുടെ അക്രമണത്തിൽ വാരിയെല്ലുകളടക്കം തകർന്ന കള്ള് ചെത്ത് തൊഴിലാളി ഗുരുതരാവസ്ഥയിൽ. ഫാം മൂന്നാം ബ്ലോക്കിലെ ചെത്ത് തൊഴിലാളിയായ ആറളം ചെടിക്കുളത്തെ തേക്കിലെക്കാട്ടിൽ പ്രസാദ് (50) നെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടിരിക്കുന്നത്. പിറകിൽ നിന്നും എത്തിയ ആന പ്രസാദിനെ തുമ്പിക്കൈയിൽ ചുഴറ്റിയെറിയുകയായിരുന്നുവെന്ന് പറയപ്പെടുന്നു. രണ്ട് വാരിയെല്ലുകളും താടിയെല്ലും, ഷോൾഡറും തകർന്ന പ്രസാദ് കണ്ണൂരിലെ സ്വകാര്യ ആസ്‌പത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്. അപകട നില തരണം ചെയ്‌തിട്ടില്ല.
ബുധനാഴ്ച്ച വൈകീട്ടാണ് പ്രസാദ് ഫാം മൂന്നാം ബ്ലോക്കിൽ തെങ്ങ് ചെത്താനായി പോയത്. രാത്രി വൈകിയും എത്താഞ്ഞതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
വ്യാഴാഴ്ച്ച രാവിലെ മേഖലയിൽ കള്ള് ചെത്താൻ എത്തിയ തൊഴിലാളി ഫാമിൻ്റെ കൃഷിയിടത്തിൽ പുഴയോട് ചേർന്ന ഭാഗത്ത് അവശനിലയിൽ പ്രസാദിനെ കണ്ടെത്തുകയായിരുന്നു. ആന പിറകിൽ നിന്നും പിടിച്ച് ചുഴറ്റി എറിഞ്ഞെന്നാണ് പ്രസാദ് തൊഴിലാളിയോട് പറഞ്ഞത്.