
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഹജ്ജ് ക്യാമ്പ് ബുധനാഴ്ച രാത്രിയോടെ സമാപിക്കും. ഇക്കഴിഞ്ഞ ഒമ്പതിനാണ് ക്യാമ്പിന് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ക്യാമ്പിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. 11ന് പുലർച്ചെ നാലിനായിരുന്നു 170 തീർഥാടകരുമായി ആദ്യ വിമാനം പരിശുദ്ധ നാട്ടിലേക്ക് പറന്നുയർന്നത്.ചൊവ്വാഴ്ച വരെ എയർ ഇന്ത്യയുടെ 26 ഹജ്ജ് വിമാനങ്ങളാണ് തീർഥാകരുമായി സർവീസ് നടത്തിയത്.
ഇനി ബാക്കിയുള്ള രണ്ട് വിമാനങ്ങൾ ബുധനാഴ്ച പുലർച്ചെ ഒരുമണിക്കും 29ന് പുലർച്ചെ 12.45നുമായി പുറപ്പെടുന്നതോടെ ഇത്തവണത്തെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള തീർഥാടകരുടെ യാത്രക്ക് സമാപനമാകും.
അവശേഷിക്കുന്ന രണ്ട് വിമാനങ്ങൾ ഉൾപ്പെടെ 28 വിമാനങ്ങളിലായി 4756 തീർഥാടകരാണ് പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കുന്നതിനായി ആകെ യാത്രക്കാരായുള്ളത്. ഇതിൽ സ്ത്രീ തീർഥാടകരാണ് ഏറ്റവും കൂടുതൽ -2847 പേർ. 1909 ആണ് പുരുഷ തീർഥാടകരുടെ എണ്ണം.
ഇത്തവണ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടകരിൽ ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിലെ തീർഥാടകർ തന്നെയാണ്. 1869 പേരാണ് കണ്ണൂർ ജില്ലയിൽനിന്നുള്ളത്. കോഴിക്കോട് ജില്ലയിൽ നിന്നു 1395 യാത്രക്കാരാണുള്ളത്. കാസർകോട് ജില്ലയിൽനിന്ന് 1026, മലപ്പുറം 151, വയനാട് 199, പാലക്കാട് രണ്ട്, തൃശൂർ ഒന്ന്, ഏറണാകുളം മൂന്ന്, കൊല്ലം അഞ്ച്, ഇടുക്കി മൂന്ന്, തിരുവനന്തപുരം ഒന്ന് എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു ജില്ലകളിൽനിന്നുള്ള തീർഥാടകരുടെ എണ്ണം. ഇതിനു പുറമെ പോണ്ടിച്ചേരിയിൽനിന്ന് 31 പേരും ദക്ഷിണ കന്നഡയിൽനിന്ന് 44 പേരും ഉഡുപ്പി, ബംഗളുരു അർബൻ, ചിത്രദുർഗ എന്നിവിടങ്ങളിൽനിന്ന് രണ്ടുവീതം തീർഥാടകരും കുടകിൽനിന്ന് 20പേരുമാണ് യാത്രക്കാരായുണ്ടായത്.
വ്യാഴാഴ്ച പുലർച്ചെയുള്ള വിമാനത്തിൽ യാത്ര തിരിക്കുന്ന തീർഥാടകർ ബുധനാഴ്ച രാവിലെ 11മണിയോടെ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യും. അവിടത്തെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയശേഷം തീർഥാടകരെ ക്യാമ്പിൽ എത്തിക്കും. വൈകിട്ട് 4.30ന് യാത്രരേഖൾ കൈമാറും. രാത്രി ഒമ്പതോടെ എയർപോർട്ടിലേക്ക് ഹാജിമാരെ യാത്രയാക്കുന്നതോടെ 20 ദിവസമായി പ്രവർത്തിക്കുന്ന ഹജ്ജ് ക്യാമ്പ് സമാപനമാകും.
ബുധനാഴ്ച പുലർച്ചെയുള്ള വിമാനത്തിലെ യാത്രക്കാർക്കുള്ള രേഖകൾ കീഴല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. അനിൽ കുമാർ വിതരണം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ പി.പി. മുഹമ്മദ് റാഫി, ഹജ്ജ് കമ്മിറ്റി അംഗം ഷംസുദ്ദീൻ അരിഞ്ചിറ എന്നിവർ സംബന്ധിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വേലായുധൻ ചൊവ്വാഴ്ച ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു.



