മലപ്പുറം

നെറ്റ് സ്പീഡില്ല, യൂട്യൂബ് വീഡിയോ അപ്ലോഡാകുന്നില്ല, പരാതിയുമായി മലപ്പുറത്തെ വ്ളോഗർ; ജിയോ നഷ്ടപരിഹാരം നൽകാൻ വിധി

മലപ്പുറം: ഇൻറർനെറ്റിന് വേഗതയില്ലെന്ന് കാണിച്ച് ജിയോ കമ്പനിക്കെതിരെ നൽകിയ കേസിൽ അനുകൂല വിധി സമ്പാദിച്ച് മലപ്പുറം കോഡൂർ സ്വദേശി എം.ടി മുർഷിദ്. ഒരു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ 15000 രൂപ നഷ്ടപരിഹാരം നൽകാനാണ് ജില്ലാ ഉപഭോക്തൃ കോടതിയുടെ വിധി. യുട്യൂബർ ആയ മുർഷിദ് യുട്യൂബിലും സോഷ്യൽമീഡിയയിലും വീഡിയോകൾ അപ്ലോഡ് ചെയ്യുന്ന സമയത്ത് പ്രയാസം നേരിട്ടിരുന്നു. ഇതിനെതിരെ നിരവധി തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. മൊബൈലിൽ റേഞ്ച് ഇല്ലാത്തതും ഇന്റർനെറ്റ് സ്പീഡില്ലാത്തതും പല തവണ പരാതി പറഞ്ഞിട്ടും അധികൃതർ നടപടി എടുക്കാത്തതിനെ തുടർന്ന് ജില്ലാ ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കുകയായിരുന്നു മുർഷിദ്. 

299ന്റെ പ്ലാൻ ആണ് ആദ്യം സ്വകാര്യ ടെലികോം കമ്പനി വഴി ഡാറ്റ റീചാർജ് ചെയ്തിരുന്നത്. പിന്നീട് അത് 349 രൂപയായി നിരക്ക് കമ്പനി ഉയർത്തിയിരുന്നു. 5 ജി  ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനമെങ്കിലും അത് ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഒരു വർഷത്തിനു ശേഷമാണെങ്കിൽ വിധി വന്നതിൽ ഏറെ സന്തോഷത്തിലാണ് മുർഷിദ്. മൊബൈൽ റീചാർജ് ചെയ്ത 349 രൂപയും നഷ്ടപരിഹാരത്തിനൊപ്പം കമ്പനി നൽകണം. ഒരു മാസത്തിനകം ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ 9 ശതമാനം പലിശ കൂടി നൽകണമെന്നും ഉത്തരവിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button