മട്ടന്നൂർ

മട്ടന്നൂര്‍ -ഇരിക്കൂര്‍ റോഡ്‌ നവീകരണ പുരോഗമിക്കുന്നു

മട്ടന്നൂര്‍-ഇരിക്കൂര്‍ റോഡ്‌ ടാര്‍ ചെയ്‌ത് നവീകരിക്കുന്ന പ്രവൃത്തി തുടങ്ങി. നവീകരണത്തിന്റെ ഭാഗമായി റോഡരികില്‍ ഓവുചാലിന്റെ പ്രവൃത്തിയാണ്‌ പുരോഗമിക്കുന്നത്‌.

മട്ടന്നൂര്‍-മരുതായി-മണ്ണൂര്‍ റോഡ്‌ പ്രവൃത്തിയുടെ തുടര്‍ച്ചയായാണ്‌ നഗരത്തിലേക്കെത്തുന്ന മട്ടന്നൂര്‍-ഇരിക്കൂര്‍ റോഡും നവീകരിക്കുന്നത്‌.
പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാന്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇരിക്കൂര്‍ ഭാഗത്തേക്ക്‌ പോകേണ്ട ചെറുവാഹനങ്ങള്‍ ഇരിട്ടി റോഡിലെ ബൈപ്പാസ്‌ വഴി പോകണം.

ബസ്‌,ലോറി തുടങ്ങിയ വലിയ വാഹനങ്ങള്‍ ഇരിക്കൂര്‍ റോഡ്‌ വഴി തന്നെ കടന്നുപോകണം. മട്ടന്നൂര്‍-ഇരിക്കൂര്‍ റോഡില്‍ പൊറോറ ജംഗ്‌ഷന്‍ മുതല്‍ മട്ടന്നൂര്‍ വരെയുള്ള രണ്ടാമത്തെ റീച്ചിന്റെ പണിയാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.

പൊറോറ ജംഗ്‌ഷന്‍ വരെയുള്ള ആദ്യ പൊറോറ റീച്ചിന്റെ പണി നേരത്തെ പൂര്‍ത്തിയായിരുന്നു.
നാലുവര്‍ഷം മുമ്ബേ തുടങ്ങിയ റോഡ്‌ നവീകരണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ പലതവണ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഉത്തിയൂര്‍ മുതല്‍ നഗരസഭാ ഓഫീസ്‌ വരെയുള്ള ഭാഗത്തെ ടാറിങ്ങ്‌ ഇനിയും പൂര്‍ത്തിയാകാനുണ്ട്‌. പൊളിച്ചിട്ട റോഡില്‍ യാത്രാക്ലേശവും പൊടിശല്യവും മൂലം യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്‌. പണി എത്രയും വേഗം പൂര്‍ത്തിയാകുമെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.

വെള്ളെക്കെട്ട്‌ ഒഴിവാക്കുന്നതിന്റെ ഭാഗമായി മട്ടന്നൂര്‍ കണ്ണൂര്‍ റോഡിലും പണി നടത്തുന്നുണ്ട്‌.
ഒരു ഭാഗത്തെ ഓവുചാലിന്റെ നിര്‍മാണം പൂര്‍ത്തിയായി. 75 ലക്ഷം രൂപ ചെലവഴിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. റോഡിന്റെ ഇരുവശങ്ങളിലും ഓവുചാല്‍ നിര്‍മിക്കുന്നതിനൊപ്പം നടപ്പാതയില്‍ ഇന്റര്‍ലോക്കും കൈവരിയും വിളക്കുകളും സ്‌ഥാപിക്കും.
നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മട്ടന്നൂര്‍ ജംങ്‌ഷനില്‍ ക്ലോക്ക്‌ ടവറിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്‌. ഇതോടൊപ്പം ട്രാഫിക്‌ സിഗ്നല്‍ സംവിധാനവും പരിഷ്‌കരിച്ച്‌ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്‌ അധികൃതര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button