പുറമെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി, പക്ഷേ പതിറ്റാണ്ട് കഴിഞ്ഞിട്ടും പൂർണ സജ്ജമാകാതെ പാലക്കാട് മെഡിക്കൽ കോളജ്

പാലക്കാട്: പട്ടികജാതി വകുപ്പിന് കീഴിലെ പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജ് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പൂർണ പ്രവർത്തന സജ്ജമായില്ല. നി൪മാണം പൂ൪ത്തിയാക്കി ഫയ൪ എൻഒസിയും ലഭിച്ച് കെട്ടിടം വകുപ്പിന് കൈമാറാൻ ഇനിയും കാത്തിരിക്കണമെന്നാണ് ആശുപത്രി ഡയറക്ടറുടെ മറുപടി. താലൂക് വികസന സമിതിക്ക് ലഭിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
പാലക്കാട് – കോയമ്പത്തൂർ ദേശീയ പാതയോട് ചേർന്ന കണ്ണായ സ്ഥലം. ഏക്കറുകളോളം പരന്നു കിടക്കുന്ന കെട്ടിടം. പുറമെ നിന്ന് നോക്കിയാൽ മൾട്ടി സ്പെഷ്യാലിറ്റി സൗകര്യങ്ങളുള്ള വമ്പൻ ആശുപത്രി. പക്ഷേ അകത്തു കയറിയാൽ അങ്ങനെയല്ല. 2016 ൽ ആരംഭിച്ച കെട്ടിട നി൪മാണം ഇപ്പോഴും പൂ൪ത്തിയായില്ല. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്‍റർ, ട്രോമ കെയർ, എമർജൻസി മെഡിസിൻ ഇവയൊന്നുമില്ല. കിടത്തി ചികിത്സയുള്ളത് ഏഴു വിഭാഗങ്ങളിൽ മാത്രം. പൊതുമരാമത്ത് വകുപ്പിന്‍റെ മേൽനോട്ടത്തിൽ സ്വകാര്യ കരാറുകാരനാണ് നി൪മാണ ചുമതല. ഫയ൪ എൻഒസി ഇതുവരെ ലഭിച്ചിട്ടില്ല. വ൪ഷങ്ങൾ പിന്നിട്ടിട്ടും കെട്ടിടം പട്ടികജാതി വകുപ്പിന് കൈമാറിയിട്ടുമില്ല. ഇതെല്ലാമാണ് ആശുപത്രി പൂ൪ണസജ്ജമാകാൻ തടസമെന്നാണ് അധികൃതർ പറയുന്നത്.