ഇരിട്ടി

വനാതിർത്തിയിൽ തൂക്കുവേലി അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചു;ജനകീയ സമര സമിതി വനം വകുപ്പിന്റെ ആർ ആർ ടി ഓഫീസിന് മുന്നിൽ നടത്തിവന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു.

ഇരിട്ടി: ജനകീയ സമര സമിതി വനം വകുപ്പിന്റെ ആർ ആർ ടി ഓഫീസിന് മുന്നിൽ  നടത്തിവന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു.   ആറളം ആദിവാസി പുനരുധിവാസ മേഖലയിലെ ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക , ആനമതിൽ  നിർമ്മാണം പൂർത്തിയാകുന്നത് വരെ വനാതിർത്തിയിൽ വൈദ്യുതി വേലി  സ്ഥാപിക്കുക,  അക്രമകാരിയായ കാട്ടാനയെ മയക്കു വെടിവെച്ച് പിടിച്ച് നാടുകടത്തുക എന്നീ  ആവശ്യങ്ങൾ  ഉന്നയിച്ചായിരുന്നു ഒരാഴ്ചയായി  ആറളം പുനരുധിവാസ മേഖലയിലെ  വിവിധ ആദിവാസി സംഘടനകൾ രാപ്പകൽ സമരം നടത്തി വന്നിരുന്നത്.  കഴിഞ്ഞദിവസം വനം മന്തിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരവും മന്ത്രിയുടെ അഭ്യർത്ഥനയും മാനിച്ച് സണ്ണിജോസഫ് എം എൽ എ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ജനകീയ സമര സമിതി സമരത്തിൽ നിന്നും പിൻമാറിയത്. ആന മതിൽ പൂർത്തിയാകുന്നത് വരെ വനാതിർത്തിയിൽ സൗരോർജ്ജ തൂക്കുവേലി നിർമ്മിക്കും. വേലിയുടെ പ്രാരംഭ  പ്രവർത്തനങ്ങൾ ആരംഭിച്ചു. ആറളം ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതി വിഹിതം ഉപയോഗപ്പെടുത്തിയാണ് വേലി നിർമ്മിക്കുന്നത്.   പുനരധിവാസ മേഖലയിലെ അടിക്കാടുകൾ വെട്ടിത്തളിക്കുന്നതിന് 50 തൊഴിലാളികളെ നിയോഗിക്കാനും മന്ത്രി തല ചർച്ചയിൽ തീരുമാനിച്ചിരുന്നു. കാട് വെട്ടിലേക്കായി 200 തൊഴിലാളികളെ എങ്കിലും നിയമിക്കണമെന്നും  ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക്  ആദിവാസി പുനരധിവാസ മിഷൻ വഴി വേതനം നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു.  ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന്  എം എൽ എ ഉറപ്പു നൽകി.

     അക്രമകാരിയായ ആനയെ മയക്കു വെടിവെച്ച് പിടിക്കണമെന്ന സമരക്കാരുടെ ആവശ്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് എം എൽ എ പറഞ്ഞു. ഇപ്പോൾ നൽകിയ ഉറപ്പുകൾ സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കിൽ നിങ്ങൾക്കൊപ്പം ഞാനും രാപ്പകൽ സമരത്തിനൊപ്പം ഉണ്ടാകുമെന്നും   എം എൽ എ പറഞ്ഞു.  ഈ ഉറപ്പുകളെല്ലാം അംഗീകരിച്ചാണ് സമരം താൽക്കാലികമായി നിർത്തുന്നതെന്ന് രാപ്പകൽ സമരത്തിന് നേതൃത്വം നൽകിയ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ പറഞ്ഞു. ഇതോടൊപ്പം ഫാം ഓഫീസിനു മുന്നിലും ടി ആർ ഡി എം ഓഫീസിനു മുന്നിലും നടത്തിവന്ന സമരവും പിൻവലിച്ചു. ആദിവാസി ദളിത് മുന്നേറ്റ സമിതി ചെയർമാൻ ശ്രീരാമൻ കൊയ്യാൻ ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .വേലായുധൻ,  ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷിജി നടുപറമ്പിൽ,  നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, പി .കെ. ജനാർദ്ദനൻ,  വി.ടി.  തോമസ്,  ജോഷി പാലമറ്റം, സുദീപ് ജെയിംസ്,  പി.എ. നസീർ,  സാജുയോമസ്,  ജിമ്മി അന്തിനാട്ട, അരവിന്ദൻ  അക്കാനശ്ശേരി , കെ. എൻ. സോമൻ,  സുരേഷ് മുട്ടുമാറ്റി എന്നിവരും സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button