ഇരിട്ടി

ജനവാസ മേഖലയിൽ എത്തിയ കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം കടിച്ചുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ്

ഇരിട്ടി: കരിക്കോട്ടക്കരിയിൽ മയക്കുവടി വെച്ച് തളച്ച മൂന്നു വയസ്സുള്ള കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം കടിച്ചുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റത്തിനെ തുടർന്ന്. ആനയുടെ നാക്കും തൊണ്ടയും താടിയെല്ലും തകർന്നിരുന്നതിനാൽ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിഞ്ഞിരുന്നില്ല. പരിക്കുകൾക്ക് അഞ്ച് ദിവസത്തെ പഴക്കം ഉണ്ടായിരുന്നു എന്നും വായയിലെ മുറിവ് പുഴുവരിച്ച നിലയിലായിരുന്നുവെന്നും ആണ് വനം വകുപ്പിന്റെ റിപ്പോർട്ട്. ആനയുടെ ആന്തരികാവയവങ്ങളുടെ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. ജഡം പരിശോധനയ്ക്ക് ശേഷം ആറളം വന്യജീവി സങ്കേതത്തിൽ മറവു ചെയ്തു.

ആന പന്നിപ്പടക്കം കടിക്കാൻ ഇടയായ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ശക്തമാക്കി. കൊട്ടിയൂർ റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി വനംവകുപ്പിന്റെയും പോലീസ് ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ ആറളം ഫാമിൽ ഒന്ന്, മൂന്ന്, ആറ് ബ്ലോക്കുകളിൽ സ്ഫോടവസ്തുക്കൾ കണ്ടെത്തുന്നതിനായി പരിശോധന നടത്തി. ജനവാസ മേഖലയിൽ നിന്നോ ഫാം കൃഷിയിടത്തിൽ നിന്നോ ആകാം ആന പന്നിപ്പടക്കം കടിച്ചതെന്ന നിഗമനത്തിലാണ് അധികൃതർ. സ്ഫോടവസ്തുക്കൾ ഉപയോഗിച്ച് ഫാമിൽ മൃഗവേട്ട നടക്കുന്നുണ്ടെന്ന് രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാസങ്ങൾക്ക് മുമ്പ് പോലീസും വനം വകുപ്പും സംയുക്തമായി പരിശോധന നടത്തിയിരുന്നു. ശക്തമായ നടപടി വേണമെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തണം എന്നുമുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 11 അംഗ അന്വേഷണ സംഘത്തെ നിയോഗിക്കാൻ വനം നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കെ എസ് ദീപ ഉത്തരവിട്ടത്. രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button