ചങ്ങരംകുളം മൂക്കുതല ക്ഷേത്രത്തിൽ നെറ്റിപ്പട്ടം കെട്ടി ഇറക്കുന്നതിനിടെ ആനയിടഞ്ഞു, ചീരോത്തിനെ തളച്ച് പാപ്പാൻ

പൊന്നാനി: മലപ്പുറത്ത് ഉത്സവ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. പൊന്നാനി ചങ്ങരംകുളം മൂക്കുതല ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് എത്തിയ ആനയാണ് ഇടഞ്ഞത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ചീരോത്ത് എന്ന ആനയാണ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പുറത്തേക്ക് വന്നു പരിഭ്രാന്തി പടർത്തിയത്.
നെറ്റിപട്ടം കെട്ടുന്നതിന് വേണ്ടി അമ്പലത്തിലേക്ക് കൊണ്ടുവന്ന ആനയെ തിരിച്ചു അമ്പലത്തിൽ നിന്നും ഇറക്കുന്ന സമയത്തായിരുന്നു സംഭവം. ഏറെനേരം ഇടഞ്ഞ് നിന്ന ആനയെ പാപ്പാന്മാരിൽ ഒരാൾ ആനയുടെ പുറത്തിരുന്ന് ആനയെ നിയന്ത്രണ വിധേയമാക്കിയതോടെ കൂടുതൽ നഷ്ടം സംഭവിച്ചില്ല. അമ്പലത്തിന്റെ ഗോപുര തൂണിലാണ് ഒടുവിൽ ആനയെ തളച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരൂർ പുതിയങ്ങാടി പള്ളി നേർച്ചയ്ക്കിടെ ആന ആക്രമിച്ച ആൾ മരിച്ചിരുന്നു. തിരൂർ ഏഴൂർ സ്വദേശി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. പുലർച്ചെ പള്ളിയിൽ ചടങ്ങുകൾ നടക്കുന്നതിനിടെ ഇടഞ്ഞ ആന കൃഷ്ണൻകുട്ടിയെ ചുഴറ്റി എറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണൻകുട്ടി, കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പാക്കത്ത് ശ്രീക്കുട്ടനെന്ന ആനയാണ് ഇടഞ്ഞത്. അഞ്ച് ആനകളാണ് പോത്തന്നൂരിൽ നിന്നുള്ള നേർച്ചയ്ക്കൊപ്പം തിരൂരിൽ എത്തിയത്. പള്ളിമുറ്റത്ത് ആനകളുടെ ചുറ്റും വൻ ജനാവലിയുണ്ടായിരുന്നു. ഇതിനിടെ പാക്കത്ത് ശ്രീക്കുട്ടൻ പ്രകോപിതനായത്.