kannur

നവീൻബാബുവിന്റെ മരണം: കലക്ടറേറ്റ് മാർച്ച് നടത്തി മുസ്‌ലിം ലീഗ്
മനോരമ ലേഖകൻ

കണ്ണൂർ ∙ കണ്ണൂർ കലക്ടർക്ക് എകെജി സെന്ററിലെ പ്യൂൺ പണിയാണു നല്ലതെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി. അരുൺ കെ.വിജയൻ കലക്ടർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. എത്രയും പെട്ടെന്ന് സർക്കാർ ഇടപെട്ട് അദ്ദേഹത്തെ മാറ്റുകയോ അല്ലെങ്കിൽ അദ്ദേഹം സ്വയം സ്ഥാനമൊഴിയുകയോ ആണ്‌ വേണ്ടത്. ജില്ലയിൽ വാളു കൊണ്ടും ബോംബു കൊണ്ടും ഒരുപാടുപേർ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ഒരു രാഷ്ട്രീയ പ്രവർത്തകയുടെ നാവ് കൊണ്ട് കൊല്ലപ്പെട്ട വ്യക്തിയാണ് എഡിഎം നവീൻ ബാബു. തന്റെ സഹപ്രവർത്തകനായ ഒരു ഉദ്യോഗസ്ഥന്റെ അകാല മരണത്തിൽ ഒട്ടും ദുഃഖമില്ലാത്ത കലക്ടർ പി.പി.ദിവ്യയെ രക്ഷപ്പെടുത്താൻ മൊഴിമാറ്റുകയാണ്. കലക്ടറുടെ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലാത്ത അദ്ദേഹത്തിന് ഏറ്റവും യോഗ്യമായത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സ്ഥാനമാണെന്നും അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു.

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ കലക്ടറെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും കലക്ടറെ തലസ്ഥാനത്തു നിന്ന് മാറ്റി അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു മുസ്ലിം ലീഗ് നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള, കെ.എ.ലത്തീഫ്, എസ്.മുഹമ്മദ്, കെ.പി.താഹിർ, ഇബ്രാഹിം മുണ്ടേരി, കെ.വി.മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ.തങ്ങൾ, അൻസാരി തില്ലങ്കേരി, സി.കെ.മുഹമ്മദ്, എം.പി.മുഹമ്മദലി, മഹമൂദ് അള്ളാംകുളം എന്നിവർ പ്രസംഗിച്ചു. അതിനിടെ, കലക്ടറേറ്റ് ഗേറ്റിനു മുന്നിലെ ബാരിക്കേഡ് മറികടന്ന പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് നീക്കി. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധിച്ച പ്രവർത്തകർ ടൗൺ പൊലീസ് സ്റ്റേഷനു സമീപം റോഡിൽ കുത്തിയിരുന്നു. പ്രതിഷേധം ശക്തമാകുന്നത് കണ്ടതോടെ പ്രവർത്തകനെ പൊലീസ് വിട്ടയച്ചു. ഇതോടെ സമരക്കാർ പ്രതിഷേധം അവസാനിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button