സൈനിക സേവനത്തിൽ നിന്നും വിരമിച്ച സുബേദാർ സതീഷ് നമ്പ്യാർക്ക് ഉജ്ജ്വല സ്വീകരണം

ഇരിട്ടി: 28 വർഷത്തെ രാജ്യ സേവനത്തിനു ശേഷം മദ്രാസ് റജിമെന്റിൽ നിന്നും വിരമിച്ച സുബേദാർ സതീഷ് നമ്പ്യാർക്ക് നാടിന്റെ ഉജ്ജ്വല സ്വീകരണം. ജബ്ബാർക്കടവ് പാലത്തിനു സമീപത്തുനിന്നും വാദ്യമേളങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ പായം നിവേദിതാ സേവാകേന്ദ്രത്തിലേക്ക് ആനയിച്ചു.തുടർന്ന് നടന്ന അനുമോദനസദസ്സ് ഇരിട്ടി പോലീസ് ഇൻസ്‌പെക്ടർ എ. കുട്ടികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. നിവേദിതാ സേവാ കേന്ദ്രം പ്രസിഡന്റ് എം. പ്രകാശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡോ .പി രാജേഷ്, കൊണ്ടംബ്ര വാർഡ് മെമ്പർ പി. പങ്കജാക്ഷി, ജന്മഭൂമി മുൻ റസിഡന്റ് എഡിറ്റർ എ. ദാമോദരൻ, പൂർവ സൈനിക പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷൻ പി.ആർ. രാജൻ, കണ്ണൂർ വാരിയേഴ്‌സ് ചെയർമാൻ കെ.വി. അജയൻ, റിട്ട. അദ്ധ്യാപകൻ എം. രാമചന്ദ്രൻ, ഗിരീഷ് കൈതേരി എന്നിവർ സംസാരിച്ചു. സതീഷ് നമ്പ്യാർ മറുപടി പ്രസംഗം നടത്തി.