ഇരിട്ടി

ആറളം ഫാമിൽ വനംവകുപ്പിന്റെ ആർ ആർ ടി ഓഫീസിന് മുന്നിലെ കുത്തിയിരുപ്പ് സമരം തുടരുന്നു ; ആദിവാസി നേതാക്കളായ സി.കെ. ജാനു, ഗീതാന്ദൻ , ശ്രീരാമൻ കൊയ്യോൻ എന്നിവർ സമരപ്പന്തലിലെത്തി

ഇരിട്ടി:  ആറളം ഫാം ആദിവാസി പുനരധിവാസ  മേഖലയിൽ ആവർത്തിക്കുന്ന  കാട്ടാന ശല്യത്തിന് പരിഹാരം തേടി ആദിവാസികൾ വനംവകുപ്പിന്റെ ഫാം പതിമൂന്നാം ബ്ലോക്കിലെ  ആർ ആർ ടി ഓഫീസിനു മുൻപിൽ നടത്തുന്ന കുത്തിരിപ്പ് സമരം നാലാം ദിവസത്തിലേക്ക് കടന്നു. സമരം ഒത്തുതീർപ്പാക്കാനുള്ള  നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. സമരക്കാർ ഉന്നയിക്കുന്ന ന്യയമായ ആവശ്യങ്ങൾ പോലും കേൾക്കാൻ അധികൃതർ ചെവികൊടുത്തിട്ടില്ല. പ്രശ്‌നത്തിന് ന്യായമായ പരിഹാരം ഉണ്ടാക്കുന്നത് വരെ   സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സമരത്തിന് നേതൃത്വം നൽകുന്ന പ്രദേശവാസി കൂടിയായ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ പറഞ്ഞു.

അതേസമയം ആദിവാസി നേതാവ് സി.കെ. ജാനു, ആദിവാസി ഗോത്ര മഹാസഭ നേതാവ് എം ഗീതാനന്ദൻ, ആദിവാസി ദളിത് മുന്നേറ്റ സമിതി ചെയർമാൻ ശ്രീരാമൻ കൊയ്യാൻ തുടങ്ങിയ  നേതാക്കൾ പിന്തുണയുമായി സമരപ്പന്തലിൽ എത്തിയത് സമരക്കാർക്ക് ഊർജ്ജം പകർന്നിട്ടുണ്ട്.  ആർ ആർ ടി ഓഫീസിന്   മുന്നിൽ പോളിത്തീൻ ഷീറ്റ് വലിച്ചുകെട്ടി നടത്തുന്ന സമരപ്പന്തലിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം രാപ്പകൽ ഉണ്ട്. സമീപത്തെ കെട്ടിടമുറ്റത്ത് ഭക്ഷണങ്ങൾ തയ്യാറാക്കി സമരപ്പന്തലിൽ വിളമ്പിയാണ് ഇവർ കഴിയുന്നത്. രാത്രി ആന ഭീഷണിയുള്ളതിനാൽ ഉറങ്ങാതെയാണ് സമരപ്പന്തലിൽ കഴിച്ചുകൂട്ടുന്നത്. ഉറങ്ങാൻ കഴിയുന്നില്ലെങ്കിലും വീടുകളിലേക്കാൾ  സുരക്ഷിതത്വം ഇവിടെ ഉണ്ടെന്നാണ് സമരക്കാർ പറയുന്നത്. എന്ത് പ്രതിബന്ധങ്ങൾ വന്നാലും ശാശ്വത പരിഹാരം ഉറപ്പാകാതെ സമരത്തിൽ നിന്ന്  പിന്നോട്ടില്ലെന്നാണ് സമരവേദിയിൽ ഉള്ള മുഴുവനാളുകളുടെയും  പ്രതികരണം. ഇതിൽ രാഷ്ട്രീയം ഇല്ലെന്നും ജീവന്റെ നിലനിൽപ്പിനായി പ്രദേശവാസികൾ ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടമാണിതെന്നും സമരക്കാർ പറഞ്ഞു.

ഫാമിൽ നിരന്തരമായി ആളുകളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന് അക്രമകാരികളായ കാട്ടാനകളെ മയക്കുവെടിവെച്ച് പിടിച്ച് കാട്ടിലേക്ക് വിടണമെന്നും പുനരധിവാസ മേഖലയിൽ നിന്നും തുരത്തുന്ന ആനകൾ വനത്തിലേക്ക് പ്രവേശിച്ചുവെന്ന് ഉറപ്പുവരുത്തുകയും വേണമെന്നാണ്  സമരക്കാരുടെ പ്രധാന ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button