ചാരിറ്റി പ്രവർത്തകന് രോഗിയുടെ കുടുംബം ഇന്നോവ ക്രിസ്റ്റ കാർ സമ്മാനമായി നൽകി ; വിവാദമായതോടെ കാർ തിരിച്ച് നൽകി

മലപ്പുറം കൊണ്ടോട്ടിയിലാണ് പതിനാലുകാരന്‍റെ ചികിത്സയ്ക്കായി ചാരിറ്റി പ്രവര്‍ത്തകന്‍ ഷെമീര്‍ കുന്നമംഗം മൂന്ന് കോടിയോളം രൂപ പിരിച്ചു നല്‍കിയത്.
മലപ്പുറത്ത് ചികിത്സയ്ക്ക് പണം പിരിച്ചു നല്‍കിയ ചാരിറ്റി പ്രവര്‍ത്തകന് ഇന്നോവ ക്രിസ്റ്റ കാർ സമ്മാനമായി നൽകി രോഗിയുടെ കുടുംബം. മലപ്പുറം കൊണ്ടോട്ടിയിലാണ് പതിനാലുകാരന്‍റെ ചികിത്സയ്ക്കായി ചാരിറ്റി പ്രവര്‍ത്തകന്‍ ഷെമീര്‍ കുന്നമംഗം മൂന്ന് കോടിയോളം രൂപ പിരിച്ചു നല്‍കിയത്. സംഭവം വിവാദമായതോടെ കാര്‍ തിരിച്ചു നല്‍കി ഇയാള്‍ തടിയൂരി.
കൊണ്ടോട്ടി മുതുവല്ലൂരിലെ പതിനാലുകാരൻ എസ് എം എ ബാധിതനാണ് ഷാമില്‍. ഈ കുട്ടിയുടെ ചികിത്സക്കാണ് ചാരിറ്റി പ്രവര്‍ത്തകന്‍ ഷെമീര്‍ കുന്നമംഗലം പണം പിരിച്ച് നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച കൊണ്ടോട്ടി മുണ്ടക്കുളത്ത് നടന്ന ചടങ്ങില്‍ നാട്ടുകാര്‍ ഷെമീര്‍ കുന്നമംഗലത്തെ ആദരിച്ചു. ഈ ചടങ്ങില്‍ വച്ച് രോഗിയുടെ കുടുംബം ഷെമീറിന് ഒരു ഇന്നോവ ക്രിസ്റ്റ സമ്മാനമായി നല്‍കി. ഇതാണ് വിവാദമായത്. സാമ്പത്തിക ശേഷിയില്ലെന്ന് പ്രചരിപ്പിച്ച കുടുംബം എങ്ങനെ വില കൂടിയ കാര്‍ വാങ്ങി നല്‍കിയെന്നാണ് ആദ്യം ചോദ്യം ഉയര്‍ന്നത്. പിരിച്ചെടുത്ത പണത്തില്‍ നിന്നാണ് കാര്‍ വാങ്ങിയതെന്ന ആരോപണവും പിന്നാലെ വന്നു.
ചികിത്സക്കായി ലഭിച്ച തുകയില്‍ നിന്ന് ഒരു രൂപ പോലും കാറിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെന്നാണ് ഷെമീര്‍ കുന്നമംഗലം പറയുന്നത്. കുട്ടിയുടെ വീട്ടുകാരല്ല കുടുംബാംഗങ്ങളാണ് തനിക്ക് ഏതാണ്ട് പന്ത്രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 2017 മോഡല്‍ ഇന്നോവ ക്രിസ്റ്റ തന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.