ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് റെഡി; അതായത് തിരുവനന്തപുരം-ഷൊര്‍ണൂര്‍ ദൂരം അരമണിക്കൂറില്‍ താഴെ!

ദില്ലി: റെയിൽവേ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഐഐടി മദ്രാസ് 422 മീറ്റർ നീളമുള്ള ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചെടുത്തു. 30 മിനിറ്റിനുള്ളിൽ 350 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിലാണ് നിർമാണം. അതായത്, തിരുവനന്തപുരത്ത് നിന്ന് ഷൊറണൂർ വരെയുള്ള 315 കിമീ ദൂരം വെറും അരമണിക്കൂറിനുള്ളിൽ മറികടക്കാം. സർക്കാർ-അക്കാദമിക് സഹകരണം ഭാവി ഗതാഗതത്തിൽ നവീകരണത്തിന് വഴിയൊരുക്കുന്നതാണെന്ന് എക്‌സിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കുറിച്ചു. റെയിൽവേ മന്ത്രാലയത്തിന്റെ ധനസഹായത്തോടെയുള്ള പദ്ധതി ഐഐടി മദ്രാസ് കാമ്പസിലാണ് നിർമ്മിച്ചത്.
422 മീറ്റർ നീളമുള്ള ആദ്യ പോഡ് വികസിപ്പിക്കുന്നതിൽ സാങ്കേതികവിദ്യകൾ വളരെയധികം മുന്നോട്ട് പോയി. ഒരു മില്യൺ ഡോളർ വീതമുള്ള ആദ്യ രണ്ട് ഗ്രാന്റുകൾ നൽകി. ഒരു മില്യൺ ഡോളറിന്റെ മൂന്നാമത്തെ ഗ്രാന്റും കൂടി ഉടൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ വാണിജ്യ പദ്ധതി ഉടൻ ആരംഭിക്കാനാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.
അഞ്ചാമത്തെ ഗതാഗത രീതിയെന്നാണ് ഹൈപ്പർലൂപ്പ് സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. ദീർഘദൂര യാത്രകൾക്കുള്ള ഒരു അതിവേഗ ഗതാഗത സംവിധാനമാണിത്. വാക്വം ട്യൂബുകളിലെ പ്രത്യേക കാപ്സ്യൂളുകൾ വഴി വളരെ ഉയർന്ന വേഗതയിൽ സഞ്ചരിക്കാനാകും. വാക്വം ട്യൂബിനുള്ളിൽ ഒരു വൈദ്യുതകാന്തികമായി ലെവിറ്റേറ്റ് ചെയ്യുന്ന പോഡ് ഇതിൽ ഉൾപ്പെടുന്നു. അതുവഴി ഘർഷണം ഒഴിവാക്കുകയും പോഡിന് മണിക്കൂറിൽ 1234.8 കിമീ വേഗതയിൽ എത്താനും കഴിയും. കാലാവസ്ഥയെ ചെറുക്കാനുള്ള കഴിവ്, കൂട്ടിയിടി രഹിത യാത്രാ സൗകര്യം, വിമാനത്തിന്റെ ഇരട്ടി വേഗത, കുറഞ്ഞ വൈദ്യുതി ഉപഭോഗം, 24 മണിക്കൂർ പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജ സംഭരണം എന്നിവയാണ് ഹൈപ്പർലൂപ്പിന്റെ പ്രത്യേകതകൾ.