താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; അപകട സാധ്യത നിലനില്‍ക്കുന്നു, ചുരം പൂർണമായി തുറക്കാനാകില്ലെന്ന് മന്ത്രി കെ. രാജൻ

വയനാട്: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിലവില്‍ പൂര്‍ണമായി ഗതാഗതം പുനരാരംഭിക്കാനാകില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ വ്യക്തമാക്കി. ചുരം പ്രദേശത്ത് അപകട സാധ്യത തുടരുന്നതിനാല്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയ ശേഷമേ റോഡ് തുറക്കൂ. പ്രത്യേകിച്ച് ഒമ്പതാം വളവില്‍ അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇന്ന് തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ ഗതാഗതം പൂര്‍ണമായും വിലക്കും. മഴ കുറയുമ്പോള്‍ മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ. ഇതിനായുള്ള ക്രമീകരണങ്ങള്‍ താമരശ്ശേരിയിലും വയനാട് ഭാഗത്തും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തുകയും വേഗം കുറയ്ക്കുകയും വേണമെന്നും അത്യാവശ്യ യാത്രകള്‍ മാത്രമേ നടത്താവൂ എന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഭാരം കൂടിയ വാഹനങ്ങള്‍ക്ക് കുറ്റ്യാടി, നാടുകാണി ചുരങ്ങള്‍ കൂടാതെ കണ്ണൂര്‍ റോഡും ഉപയോഗിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനിടെ, താമരശ്ശേരി ചുരം റോഡിലേക്ക് വീണ മണ്ണും പാറക്കല്ലുകളും പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ ശക്തമായ മഴ തുടരുന്നതിനാല്‍ അടര്‍ന്നുനില്‍ക്കുന്ന പാറകള്‍ വീണ്ടും റോഡിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രദേശത്ത് നിരന്തര നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രികാലത്ത് ആവശ്യമായ പ്രകാശം ഉറപ്പാക്കുന്നതിനായി ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗവും തഹസില്‍ദാറും നേതൃത്വം നല്‍കും. ക്രെയിനുകള്‍, ആംബുലന്‍സ് സേവനം തുടങ്ങി അടിയന്തര സംവിധാനങ്ങള്‍ സജ്ജീകരിക്കുകയും സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കുകയും ചെയ്തതായി ജില്ലാ കലക്ടര്‍ വ്യക്തമാക്കി.



