മോഷണ സ്വർണം കണ്ടെടുക്കാൻ കൈക്കൂലി; ഡിജിപി നടപടിക്ക് ശുപാർശ ചെയ്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥന് സർക്കാർ സംരക്ഷണം

കൊല്ലം: പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് ഡിഐജി കണ്ടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിച്ച് സര്‍ക്കാര്‍. അഞ്ചല്‍ രാമഭദ്രന്‍ വധക്കേസില്‍ കൂറുമാറിയ പുനലൂര്‍ മുന്‍ ഡിവൈഎസ്പി വിനോദിനാണ് സംരക്ഷണം. അച്ചടക്ക നടപടിക്ക് ഡിജിപിയുടെ ശുപാര്‍ശ ഉണ്ടായിട്ടും സര്‍വീസില്‍ തുടര്‍ന്നുകൊണ്ടുള്ള വകുപ്പ് തല അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.
4.25 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ സ്വർണം കണ്ടെടുത്തു നൽകാമെന്ന് പറഞ്ഞ് പരാതിക്കാരനില്‍ നിന്ന് വിനോദ് കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തല്‍. 15 ലക്ഷം രൂപയാണ് ഇടനിലക്കാര്‍ വഴി കൈപ്പറ്റിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, സ്വര്‍ണം തിരികെ കിട്ടാതായതോടെ പരാതിക്കാരന്‍റെ ആവശ്യ പ്രകാരം മുഴുവന്‍ തുകയും ഇടനിലക്കാര്‍ വഴി മുടക്കി നല്‍കിയെന്നും കണ്ടെത്തി. കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി മുഖേന ഡിവൈഎസ്പിക്കെതിരെ അന്വേഷണം നടന്നത്. തുടര്‍ന്ന് ഡിഐജി അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ഡിജിപി നടപടിക്ക് ശുപാര്‍ശയും ചെയ്തിരുന്നു.