നടുറോഡില്‍ സിപിഎം സമ്മേളനം; എം വി ഗോവിന്ദന്‍ 12 ന് ഹാജരാകണമെന്ന് ഹൈക്കോടതി

നടുറോഡില്‍ സ്റ്റേജ് കെട്ടി വഴി തടസപ്പെടുത്തി സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനം നടത്തിയതിലെ കോടതിയലക്ഷ്യ കേസില്‍ ഈ മാസം 12 ന് എം വി ഗോവിന്ദനോട് ഹാജരാകണമെന്ന് ഹൈക്കോടതി. കേസില്‍ മറ്റ് രാഷ്ട്രീയ നേതാക്കളോട് ഈ മാസം 10ന് ഹാജരാകാനും നിര്‍ദേശം നല്‍കി.
അതേസമയം കേസില്‍ ഹാജരാകുന്നതില്‍ ഇളവ് തേടി കഴിഞ്ഞ ദിവസം എം വി ഗോവിന്ദന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരി 10ന് ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ആ ദിവസം തൃശൂരില്‍ പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ മറ്റൊരു തിയതി തരണമെന്ന് എം വി ഗോവിന്ദന്‍ കോടതിയോട് അപേക്ഷിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അപേക്ഷ പരിഗണിച്ച് തീയതി മാറ്റുകയായിരുന്നു.
തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് തടസപ്പെടുത്തിയാണ് സിപിഎമ്മിന്റെ സമ്മേളനത്തിനുള്ള സ്‌റ്റേജ് നിര്‍മിച്ചിരുന്നത്. ഈ സംഭവത്തിലുള്‍പ്പെടെയാണ് ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തിരിക്കുന്നത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വഴി തടസപ്പെടുത്തി പാര്‍ട്ടിക്കാര്‍ പരിപാടി നടത്തിയതില്‍ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.