സ്‌കൂള്‍ കായികമേള; അഞ്ചിടങ്ങളില്‍ കലവറ, 300 ജീവനക്കാര്‍ ചേര്‍ന്ന് ഭക്ഷണമൊരുക്കുമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേള ആരംഭിച്ചിരിക്കുകയാണ്. ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ്, മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകര്‍ന്നുനല്‍കിയതോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്. ആയിരക്കണക്കിന് കുട്ടികളും മറ്റുള്ളവരും എത്തുന്ന മേളയ്ക്ക് ഇത്തവണയും ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനന്‍ നമ്പൂതിരിയാണ്.
20000 ആളുകളാണ് മേളയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. അഞ്ചിടങ്ങളിലായി 300 ജീവനക്കാരാണ് കലവറയിലുള്ളതെന്ന് പഴയിടം പറഞ്ഞു.
ഉദ്ഘാടനത്തിന് മുന്‍പായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൗമാരപ്രതിഭകളുടെ മാര്‍ച്ച് പാസ്റ്റിനെ അഭിസംബോധന ചെയ്തു. ശേഷം കലാ – സാംസ്‌കാരിക പ്രകടനങ്ങള്‍ നടക്കും. നാളെ മുതലാണ് മത്സരങ്ങള്‍ തുടങ്ങുക. ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ മത്സരങ്ങളാണ് ആദ്യം നടക്കുക. എവര്‍ റോളിംഗ് ട്രോഫി തുടങ്ങി ഈ വര്‍ഷം നല്‍കുന്ന എല്ലാ ട്രോഫികളും പുത്തന്‍ പുതിയതാണ്.