Kerala

വരുന്ന അന്താരാഷ്ട്ര വനിതാ ദിനത്തിനകം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്റേണല്‍ കമ്മിറ്റികളെന്ന് മന്ത്രി

തിരുവനന്തപുരം: 2025 മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിനകം തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് പ്രകാരം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടൊപ്പം ഐടി പാര്‍ക്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയും ഇന്റേണല്‍ കമ്മിറ്റികളുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. പത്തോ പത്തിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും നിയമം അനുസരിച്ചുള്ള ഇന്റേണല്‍ കമ്മിറ്റി ഉണ്ടായിരിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി 2023 ജനുവരിയിലാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് പോഷ് കംപ്ലയന്റ്‌സ് പോര്‍ട്ടല്‍ (https://posh.wcd.kerala.gov.in) ആരംഭിച്ചത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായാണ് പോഷ് കംപ്ലയന്റ്‌സ് പോര്‍ട്ടല്‍ സജ്ജമാക്കിയത്. ആ ഘട്ടത്തില്‍ ആയിരത്തോളം സ്ഥാപനങ്ങളില്‍ മാത്രമായിരുന്നു നിയമപ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ ഉണ്ടായിരുന്നത്. 2024 ഓഗസ്റ്റില്‍ വകുപ്പ് ജില്ലാടിസ്ഥാനത്തില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ഇപ്പോള്‍ പോഷ് കംപ്ലയന്റ്‌സ് പോര്‍ട്ടലിലൂടെ 17,113 സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 10,533 സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പരിശോധനകളിലൂടെയും ബോധവത്ക്കരണത്തിലൂടെയുമാണ് ഇത്രയേറെ സ്ഥാപനങ്ങളെ രജിസ്റ്റര്‍ ചെയ്യിപ്പിക്കാനായത്.

സംസ്ഥാനത്ത് ആദ്യമായാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ഇങ്ങനെയൊരു സംവിധാനം ആവിഷ്‌ക്കരിച്ചത്. ഇതിലൂടെ ഏതൊക്കെ സ്ഥാപനങ്ങളില്‍ നിലവില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടില്ല എന്നുള്ളത് മനസിലാക്കാന്‍ സാധിക്കും. ഇങ്ങനെ സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ഇന്റേണല്‍ കമ്മിറ്റികളുടേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതിനും ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും വകുപ്പിന് സാധിക്കും. സ്ത്രീകള്‍ക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഇതിലൂടെ ഉറപ്പാക്കാനും സാധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button