സംസ്ഥാനത്ത് ഇന്നും പകല്‍ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

വേനല്‍ക്കാലമായതോടെ സംസ്ഥാനത്ത് ഇന്നും പകല്‍ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ താപനില അധികം ഉയരുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് തുടരുകയും വേണം.
ചൂട് കൂടി അസ്വസ്ഥ അനുഭവപ്പെട്ടാല്‍ വിശ്രമിക്കുകയും ഉടനെ വൈദ്യസഹായം തേടണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്നും പറയുന്നു. അതുപോലെ, നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.