വയനാട് പുനരധിവാസം: സർക്കാരിനെ തള്ളി മുസ്‌ലിം ലീഗ്; സ്വന്തം വഴി നോക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പിഎംഎ സലാം
മലപ്പുറം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയുമായി ലീഗ് നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സർക്കാരിനെ തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ഇനിയും കാത്തിരിക്കാനാകില്ലന്ന് പിഎംഎ സലാം വ്യക്തമാക്കി. കാല താമസത്തിന് ജനങ്ങളോട് മറുപടി പറയാൻ കഴിയില്ല. സർക്കാരിനെ കാത്ത് നിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പണം തരുന്ന ആളുകളോട് ലീഗിന് നീതി പുലർത്തേണ്ടതുണ്ട്. സ്വന്തം വഴി നോക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ടന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
ചൂരൽമല മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയുമായി ലീഗ് നേതാക്കൾ നേരത്തെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പദ്ധതി വേഗത്തിലാക്കാമെന്ന് മന്ത്രി അറിയിച്ചെങ്കിലും ചർച്ചയിൽ സമവായമായില്ല. പുനരധിവാസവുമായി ബന്ധപ്പെട്ട കാലതാമസം അംഗീരിക്കാനാകില്ലെന്നും ലീഗ് നേതാക്കൾ കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ആറ് മാസം ഇപ്പോൾ തന്നെ പിന്നിട്ടുവെന്നും ലീഗ് നേതൃത്വം മന്ത്രിയോട് പറഞ്ഞിരുന്നു.
ഇതിനിടെ പുനരധിവാസ പദ്ധതിയുമായി തനിച്ച് നീങ്ങാനായിരുന്നു മുസ്‌ലിം ലീഗിൻ്റെ കഴിഞ്ഞ സംസ്ഥാന ഭാരവാഹി യോഗത്തിലെ തീരുമാനം. എന്നാൽ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ കൂടി പരിഗണിച്ച ശേഷം തീരുമാനം പ്രഖ്യാപിച്ചാൽ മതിയെന്നായിരുന്നു ധാരണ. പുനരധിവാസവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിനെതിരെ ലീഗിൻ്റെ കഴിഞ്ഞ സംസ്ഥാന ഭാരവാഹി യോഗത്തിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. ഒരു സ്ക്വയർ ഫീറ്റിന് 3000 രൂപ നിരക്കിൽ 1000 സ്ക്വയർ ഫീറ്റുള്ള വീടിന് 30 ലക്ഷം രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. അത്രയും തുക വരില്ലെന്നും 2000 രൂപ നിരക്കിൽ വീട് പണിയാമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. നിലവിൽ 100 വീടുകൾ നിർമ്മിച്ച് നൽകുമെന്നാണ് ലീഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാരുമായി സഹകരിക്കേണ്ട വാദമായിരുന്നു യോഗത്തിൽ ഉയർന്നത്.